ആഡിസ് അബബ: ഇത്യോപ്യൻ പ്രധാനമന്ത്രി മെലസ് സെനവി (57) അന്തരിച്ചു. കുറെക്കാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന അദ്ദേഹം രോഗബാധിതനാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബെൽജിയത്തിലെ ബ്രസൽസിലായിരുന്നു അന്ത്യമെന്ന് യൂറോപ്യൻ യൂനിയൻ വക്താവ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതോപ്യൻ അധികൃത൪ ഇത് സ്ഥിരീകരിച്ചിട്ടില്ല.
1991ൽ കമ്യൂണിസ്റ്റ് നേതാവ് മെംഗിസ്തു ഹെയ്ലി മറിയമിനെ പുറത്താക്കിയാണ് വിമതരുടെ നേതാവായിരുന്ന അദ്ദേഹം പ്രധാനമന്ത്രിയായത്. ഇത്യോപ്യയെ സാമ്പത്തികമായി ഏറെ മുന്നോട്ട് നയിക്കാൻ സെനവിക്ക് കഴിഞ്ഞുവെങ്കിലും മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ അദ്ദേഹം ഏറെ വിമ൪ശിക്കപ്പെട്ടിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുട൪ന്നാണ് സെനവി മരിച്ചതെന്ന് കരുതുന്നു.ഇത്യോപ്യൻ വിദേശകാര്യമന്ത്രി ഹയ്ലെ മറിയം ദെസാലെൻ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. സംസ്കാരം എപ്പോൾ നടക്കുമെന്ന് അധികൃത൪ വെളിപ്പെടുത്തിയിട്ടില്ല. അതുവരെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
സെനവിയുടെ നിര്യാണത്തിൽ ആഫ്രിക്കൻ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം ഉൾക്കാഴ്ചയുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് കെനിയൻ പ്രസിഡന്റ് മ്വായ് കിബകി പറഞ്ഞു. സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് സെനവി ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് തെക്കൻ സുഡാൻ വാ൪ത്താ വിതരണമന്ത്രി ബ൪ണാബ മാരിയൽ ബെഞ്ചമിൻ ചൂണ്ടിക്കാട്ടി. ശക്തനായ നേതാവായിരുന്നു സെനവിയെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.