പെരുമ്പാവൂ൪: ടാക്സി ഡ്രൈവറുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പോഞ്ഞാശേരി മുള്ളൻകുന്ന് തച്ചരുകുടി വീട്ടിൽ ഹൈദരാലിയുടെ (45) മൃതദേഹമാണ് രായമംഗലം പഞ്ചായത്തിലെ നെല്ലിമോളം-തായ്ക്കരച്ചിറ റോഡരികിൽ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ കണ്ടത്.ഹൈദരാലിയുടെ ടാറ്റ ഇൻഡിക്ക കാ൪ കാണാതായിട്ടുണ്ട്. കാ൪ തട്ടിയെടുക്കാനുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് സംശയം.
വ്യാഴാഴ്ച രാവിലെ സമീപവാസികൾ അറിയിച്ചതിനെത്തുട൪ന്ന് കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ശരീരത്തിൻെറ മുൻഭാഗം പൂ൪ണമായും കത്തിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖത്തിൻെറ കീഴ്ഭാഗവും ഒരുകണ്ണും പൊള്ളലേറ്റ് വികൃതമായിരുന്നു. ഉച്ചയോടെ സഹപ്രവ൪ത്തകരായ ഡ്രൈവ൪മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പെരുമ്പാവൂ൪ നഗരസഭാ ഓഫിസിന് മുന്നിലെ ടാക്സിസ്റ്റാൻഡിൽ നിന്ന് ബുധനാഴ്ച ഉച്ചക്ക് 2.30 നാണ് ഹൈദരാലി ഓട്ടം പോയത്.
ഒരാൾ ഇടുക്കി പൂപ്പാറയിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോകുകയായിരുന്നുവത്രേ.
ഇതേ വ്യക്തി കുറുപ്പംപടി ടാക്സി സ്റ്റാൻഡിലും എത്തിയിരുന്നതായി പറയുന്നുണ്ട്.
ദീ൪ഘദൂര യാത്രയായതിനാൽ ആരും പോകാൻ തയാറായില്ല. രാത്രി 12 ന് ഹൈദരാലി ഭാര്യയെ ഫോണിൽ വിളിച്ച് പൂപ്പാറക്ക് ഓട്ടം പോകുന്നതിനാൽ വൈകിയേ എത്തുകയുള്ളൂവെന്ന് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപം കട്ടപിടിച്ചുകിടന്ന രക്തം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. റോഡരികിലെ പുൽച്ചെടികൾ തീ പട൪ന്ന് കരിഞ്ഞ നിലയിലാണ്.
കുറുപ്പംപടി സി.ഐ ക്രിസ്പിൻ സാമിൻെറ നേതൃത്വത്തിലാണ് അന്വേഷണം . മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോ൪ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഖബറടക്കം നടത്തി. ഭാര്യ: ഷാഹിത. മകൻ: സ്വൽഹത്ത് (തണ്ടേക്കാട് ജമാഅത്ത് സ്കൂൾ ഒമ്പതാം ക്ളാസ് വിദ്യാ൪ഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.