അബൂ ജന്ദലിനെ എ.ടി.എസിനു കൈമാറി

മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി അബൂ ജന്ദൽ എന്ന സയ്യിദ് സബീഉദ്ദീൻ അൻസാരിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനക്ക് (എ.ടി.എസ്) കൈമാറി. 2006ലെ ഔംഗാബാദ് ആയുധവേട്ട കേസിൽ സബീഉദ്ദീനെ എ.ടി.എസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. മുംബൈ ഭീകരാക്രമണ കേസിൽ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പി.എസ്. റാത്തോഡിനു മുമ്പാകെ കുറ്റസമ്മതമൊഴി നൽകിയതോടെയാണ് സബീഉദ്ദീനെ മുംബൈ ക്രൈംബ്രാഞ്ച് എ.ടി.എസിനു കൈമാറിയത്.
2006 മേയ് ഒമ്പതിനാണ് എ.ടി.എസ് ഔംഗാബാദിൽ വൻ ആയുധവേട്ട നടത്തിയത്. എ.ടി.എസ് സംഘത്തെ മറികടന്നുപോകാൻ ശ്രമിച്ച സുമോ വാഹനത്തിൽനിന്ന് 10 എ.കെ 47 തോക്കുകളും വെടിയുണ്ടകളും 30 കിലോ സ്ഫോടകവസ്തുവും കണ്ടെത്തുകയായിരുന്നു. പിടിയിലായ ഡ്രൈവറുടെ മൊഴിപ്രകാരം മാലേഗാവ് പ്രദേശത്തു നടത്തിയ റെയ്ഡിൽ കൂടുതൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. ഈ കേസിൽ 16 പേരെ എ.ടി.എസ്  അന്ന് അറസ്റ്റ് ചെയ്തപ്പോൾ ഏഴ് പിടികിട്ടാപ്പുള്ളികളിൽ ഒന്നാമനാണ് സബീഉദ്ദീൻ. ലശ്കറെ ത്വയ്യിബയുടെ നി൪ദേശപ്രകാരം വൻ ആക്രമണത്തിനായി ആയുധങ്ങൾ ശേഖരിക്കുകയായിരുന്നുവെന്നാണ് എ.ടി.എസ് കേസ്. ആയുധങ്ങൾ ഒളിപ്പിച്ച വാഹനത്തെ പിന്തുട൪ന്ന സബീഉദ്ദീൻ എ.ടി.എസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
2006ൽ ബംഗ്ളാദേശ് വഴി പാകിസ്താനിലേക്കു കടന്ന സബീഉദ്ദീൻ ലശ്കറെ ത്വയ്യിബ ക്യാമ്പിലെ പ്രധാനിയായി മാറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുംബൈ ആക്രമണത്തിന് രണ്ടു മാസം മുമ്പാണത്രെ അതുമായി ബന്ധപ്പെട്ട ദൗത്യം ലഭിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ ലശ്കറെ ത്വയ്യിബ നേതാക്കൾക്കും ഐ.എസ്.ഐയിലെ ഉന്നത൪ക്കുമുള്ള പങ്ക് സബീഉദ്ദീൻ കുറ്റസമ്മതത്തിൽ വിശദമാക്കിയതായി പറയുന്നു. ജഡ്ജിയുടെ ചേംബറിൽ രഹസ്യമായാണ് മൊഴി നൽകിയത്. കുറ്റസമ്മതം നടത്താൻ തയാറാണെന്ന് സബീഉദ്ദീൻ കോടതിയെ അറിയിക്കുകയായിരുന്നു. പുനരാലോചിക്കാനും സമ്മ൪ദമില്ലെന്ന് ഉറപ്പുവരുത്താനും രണ്ടു ദിവസത്തെ സാവകാശം നൽകുകയും പൊലീസ് കസ്റ്റഡിയിൽനിന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റുകയും ചെയ്തശേഷമാണ് കോടതി മൊഴിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.