മുംബൈ സംഘര്‍ഷത്തിനു പിന്നില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്

മുംബൈ: അസം കലാപത്തിനും മ്യാന്മ൪ കൂട്ടകൊലക്കുമെതിരെ നടത്തിയ പ്രതിഷേധ പ്രകടനം മുംബൈ നഗരത്തെ വിറപ്പിച്ച സംഘ൪ഷത്തിലേക്കു വഴിമാറിയതിനു പിന്നിൽ നിഗൂഢത. രണ്ട് യുവാക്കളുടെ മരണത്തിൽ കലാശിച്ച സംഘ൪ഷം മുൻകൂ൪ ആസൂത്രണ പ്രകാരമാണെന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. പ്രതിഷേധത്തിൽ പുറത്തുനിന്നുള്ളവ൪ നുഴഞ്ഞുകയറിയതായി സംഘാടകരും ആരോപിച്ചു.
പ്രകടനം നടന്ന ആസാദ് മൈതാനത്തും പരിസരത്തും ലഭ്യമല്ലാത്ത തരം കല്ലുകളും വടികളുമാണ് കലാപകാരികൾ ഉപയോഗിച്ചതെന്ന് വ്യക്തമാണ്. സംഘ൪ഷത്തിനിടെ രണ്ടുപേ൪ മരിച്ചത് വെടിയേറ്റാണ്. മൂന്നു പേ൪ക്ക് പരിക്കേറ്റതും വെടിയേറ്റാണ്. എന്നാൽ, സംഘ൪ഷക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതി൪ത്തത് ആകാശത്തേക്കായിരുന്നു. വെടിയേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ അറിയിച്ചു.
സംഘ൪ഷവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്ത പൊലീസ് കൊലക്കുറ്റം, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ആയുധ കവ൪ച്ച, മാനഭംഗ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇവരെ കോടതി 19 വരെ റിമാൻഡ് ചെയ്തു. വനിതാ പൊലീസുകാരെ സംഘ൪ഷക്കാ൪ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായും പൊലീസ് ആരോപിച്ചു. ഇതിന് സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് പൊലീസ് പറഞ്ഞു. വനിതാ പൊലീസിൽനിന്ന് പിസ്റ്റളും മറ്റു ഉദ്യോഗസ്ഥരിൽനിന്ന് രണ്ട് എസ്.എൽ.ആ൪ തോക്കുകളും കലാപകാരികൾ തട്ടിയെടുത്തതായി ആരോപിച്ച പൊലീസ് പിന്നീട് ഇവ കണ്ടെത്തിയതായി കോടതിയെ അറിയിച്ചു. 160 റൗണ്ട് വെടിയുണ്ടകളും കലാപകാരികൾ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. ഇതിൽ 19 എണ്ണം അമൃതനഗറിൽ നിന്ന് കണ്ടെടുത്തു.
റാസാ അക്കാദമിയും അവരുമായി ബന്ധമുള്ള രണ്ട് സംഘടനകളുമാണ് ശനിയാഴ്ച ആസാദ് മൈതാനത്ത് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചത്. അര ലക്ഷത്തിലേറെ പേരാണ് പങ്കെടുക്കാൻ എത്തിയത്.  പൊലീസും സംഘാടകരും പ്രതീക്ഷിച്ചതിൽ കൂടുതലായിരുന്നു സമ്മേളനത്തിൽ. യു.പിയിൽ നിന്നുള്ള മതനേതാവ് പ്രകോപന പരമായി പ്രസംഗിച്ചതായി ആരോപണമുണ്ട്. യോഗത്തിനിടെ ജനങ്ങൾക്കിടയിൽ മ്യാന്മ൪ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. പ്രതിഷേധ പരിപാടിക്ക് ആളുകളെ ആക൪ഷിക്കാൻ മ്യാന്മ൪ കൂട്ടക്കൊലയുടേതെന്ന് അവകാശപ്പെട്ട എം.എം.എസുകളും പ്രചരിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ലഘുലേഖകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അസമിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് സ൪ക്കാറിനെ ലക്ഷ്യമിട്ടായിരുന്നു പ്രതിഷേധ പരിപാടി. എന്നാൽ, അത് മാധ്യമങ്ങൾക്കും പൊലീസിനുമെതിരെയുള്ള സംഘ൪ഷമായി മാറുകയായിരുന്നു.
 സംഘ൪ഷത്തിൽ പരിക്കേറ്റ കലാപ വിരുദ്ധ സേനാ ഉദ്യോഗസ്ഥൻ ഹനുമന്ദ് ധരേക്കറുടെ നില ഗുരുതരമാണ്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.