കോര്‍പറേറ്റ് ഫണ്ട് സ്വീകരിക്കില്ല -സി.പി.എം

ന്യൂദൽഹി: കോ൪പറേറ്റുകളിൽനിന്ന്  സംഭാവന സ്വീകരിക്കില്ലെന്നാണ് സി.പി.എമ്മിൻെറ പ്രഖ്യാപിത നയമെന്ന് പാ൪ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കി. എന്നാൽ,  ആന്ധ്രപ്രദേശിൽ ചില കമ്പനികളിൽനിന്ന് പാ൪ട്ടിക്ക് സംഭാവന ലഭിച്ചിട്ടുണ്ടെന്ന കുറ്റസമ്മതവും പാ൪ട്ടി നടത്തി.  ഇനി  സംഭാവന സ്വീകരിക്കേണ്ടതില്ലെന്നാണ് പാ൪ട്ടി  തീരുമാനം.
കുത്തക വ്യവസായികൾക്കെതിരെ സംസാരിക്കുമ്പോഴും മറ്റു പാ൪ട്ടികളെ പോലെ സി.പി.എമ്മും കമ്പനികളിൽ നിന്ന് വലിയതോതിൽ സംഭാവന സ്വീകരിക്കുന്നുവെന്ന റിപ്പോ൪ട്ടിൻെറ പശ്ചാത്തലത്തിലാണ് കേന്ദ്രകമ്മിറ്റി വിശദീകരണം. 20,000ത്തിനുമേൽ പാ൪ട്ടിക്ക് സംഭാവന നൽകിയ കമ്പനികളുടെയും സൊസൈറ്റികളുടെയും പേരുവിവരം സുതാര്യതക്കായി പരസ്യപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു. 2005 തൊട്ടുള്ള വരുമാനത്തിൻെറ മൊത്തം കണക്കും സി.പി.എം വെളിപ്പെടുത്തി.
 കഴിഞ്ഞ ഏഴുവ൪ഷത്തെ സി.പി.എമ്മിൻെറ മൊത്തം വരുമാനം 417.26 കോടി  രൂപയാണ്. ഇതിൽ 166.79 കോടി രൂപ പാ൪ട്ടി അംഗങ്ങളിൽ നിന്നുള്ള ലെവിയാണ്. അതിനോടടുത്ത തുക സംഭാവനയാണ് -165.6 കോടി. ലെവി വിഹിതം വരുമാനത്തിൻെറ 39 ശതമാനത്തിലേറെ വരും. അംഗത്വ ഫീസ് 2.56 കോടി, സംഭാവന 165.6 കോടി, ഇലക്ഷൻ ഫണ്ട് 48.34 കോടി, നിക്ഷേപങ്ങളുടെ പലിശ 23.40 കോടി, പ്രസിദ്ധീകരണങ്ങൾ വഴി  6.62 കോടി എന്നിങ്ങനെയാണ് വരുമാനത്തിൻെറ മറ്റു വിശദാംശങ്ങൾ.
  20,000 രൂപക്ക് മുകളിൽ വരുന്ന തുക സംഭാവനയായി ലഭിച്ചതു കൂട്ടി നോക്കിയാൽ കിട്ടിത് 3.35 കോടി രൂപ മാത്രമാണെന്ന് പാ൪ട്ടി വിശദീകരിച്ചു. ഇത് മൊത്തം വരുമാനത്തിൻെറ 0.64 ശതമാനമാണ്.  സി.പി.എം വൻതോതിൽ കോ൪പറ്റേറ്റുകളുടെ സംഭാവന സ്വീകരിച്ചുവെന്ന് പറയുന്നത് തെറ്റാണ്. സംഭാവന നൽകിയവരുടെ വിവരം പാ൪ട്ടി രഹസ്യമാക്കി വെച്ചിട്ടില്ല.  20,000 രൂപക്ക് മുകളിൽ സംഭാവന നൽകിയവരുടെ വിവരങ്ങൾ പാ൪ട്ടികൾ തെഞ്ഞെടുപ്പു കമ്മീഷനെയും ആദായനികുതി വകുപ്പിനെയും അറിയിക്കേണ്ടതുണ്ട്. സി.പി.എം അത് ചെയ്തിട്ടുണ്ട്.
 കോ൪പറേറ്റുകളിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നതിൽ കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയവരിൽനിന്ന് സി.പി.എം വ്യത്യസ്തമല്ലെന്നാണ് തെരഞ്ഞെടുപ്പു കമീഷനിൽ സമ൪പ്പിച്ച കണക്കുകൾ ക്രോഡീകരിച്ച സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടിയത്.  ഇക്കഴിഞ്ഞ ധനവ൪ഷം വരെയുള്ള അഞ്ചു കൊല്ലങ്ങളിൽ സി.പി.എം സ്വീകരിച്ച സംഭാവന 335 കോടിയാണെന്നും  സ്യൂ ഇൻഫ്രാ ലിമിറ്റഡ് (25 ലക്ഷം), സ്യൂ (25 ലക്ഷം), നുസിവീഡ് സീഡ്സ് (10 ലക്ഷം) ഹിറ്ററോ ഡ്രഗ്സ് (ആറു ലക്ഷം), എ.എം.ആ൪ കൺസ്ട്രക്ഷൻസ് (2 ലക്ഷം), സായ്മഗധ റിയൽ  (അഞ്ചു ലക്ഷം) എന്നീ കമ്പനികൾ സി.പി.എമ്മിന് പണം നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.