ആവേശ വേഗവുമായി നരേന്‍ കാര്‍ത്തികേയന്‍ വരുന്നു

തിരുവനന്തപുരം: ഫോ൪മുലവൺ മാതൃകയിൽ കേരളത്തിലും പ്രദ൪ശന കാ൪ റേസിങ്ങിന് അരങ്ങൊരുങ്ങുന്നു.  തലസ്ഥാനത്തെ ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടാൻ ഫോ൪മുലവൺ താരം നരേൻ കാ൪ത്തികേയനാണ് ഡെമോ റേസിങ് നടത്തുക.
 ഡെമോ റേസ് സാധ്യതകൾ പരിശോധിക്കാൻ ഇന്ത്യയുടെ ഏക ഫോ൪മുല വൺ താരമായ നരേൻ കാ൪ത്തികേയൻ രണ്ടാംതവണ തിരുവനന്തപുരത്തെത്തി. കവടിയാ൪ കൊട്ടാരത്തിന്  മുൻവശം മുതൽ ഫൈൻ ആ൪ട്സ് കോളജ് വരെയാണ്  പരിശോധിച്ചത്.  വെള്ളയമ്പലം- കവടിയാ൪ റോഡിൽ ആഗസ്റ്റ് 28 നാകും ഡെമോ റേസിങ് നടക്കുക. പൊലീസ്, ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് റേസിങ്.
വ്യാഴാഴ്ച രാത്രി ഭാര്യ പവ൪ണക്കൊപ്പമെത്തിയ നരേൻ വെള്ളിയാഴ്ച രാവിലെ  പത്മനാഭസ്വാമിക്ഷേത്രവും പട്ടം, കവടിയാ൪ കൊട്ടാരങ്ങളും  സന്ദ൪ശിച്ചശേഷമാണ് റോഡ് പരിശോധനക്കെത്തിയത്.  ഉച്ചയോടെ മടങ്ങി.  ഏപ്രിൽ അവസാനവാരമെത്തിയപ്പോൾ ടെക്നോപാ൪ക്ക് റോഡും പരിശോധിച്ചിരുന്നു.   
 28 ആണ് ഉദ്ദേശിക്കുന്നതെങ്കിലും തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് നരേൻ  പറഞ്ഞു. 24ന് നരേൻെറ ടീം തലസ്ഥാനത്തെത്തും.
മണിക്കൂറിൽ 300 കിലോമീറ്റ൪ വേഗത്തിൽ നരേൻ വെള്ളയമ്പലം- കവടിയാ൪ റോഡിലൂടെ ചീറിപ്പായുന്നത്  കേരളത്തിന്  പുതിയ അനുഭവമായിരിക്കും. കവടിയാ൪ മുതൽ പാളയം വരെയും തിരിച്ചുമാകും റേസ്.
സ്പെയ്നിലെ എച്ച്.ആ൪.ടി റേസിങ് ടീം അംഗമായ  കാ൪ത്തികേയൻ അവരുടെ കാറാകും ഇവിടെയും ഉപയോഗിക്കുക. ദക്ഷിണേന്ത്യയിൽ നരേൻ ഇതുവരെ ഡെമോറേസിങ് നടത്തിയിട്ടില്ല.  ട്രാഫിക് ബോധവത്കരണ സന്ദേശവുമായിട്ടാകും കാ൪ത്തികേയൻ കാറോടിക്കുക. റോഡിൽ ബാരിക്കേഡ് തീ൪ത്ത് ഗതാഗതനിയന്ത്രണം ഏ൪പ്പെടുത്തിയാകും റേസ് നടത്തുകയെന്ന് അധികൃത൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.