സൈനിക വാഹനം മറിഞ്ഞ് രണ്ട് സൈനികരടക്കം മൂന്നു മരണം

ഊട്ടി: ജവാൻെറ മൃതദേഹവുമായി വരുകയായിരുന്ന മിലിട്ടറി ട്രക്ക് മറിഞ്ഞ് രണ്ട് സൈനികരടക്കം മൂന്നു പേ൪ മരിച്ചു.
വെല്ലിങ്ടൺ മിലിട്ടറി ക്യാമ്പിലെ സൈനിക ഓഫിസ൪മാരായ ആന്ധ്രപ്രദേശ് സ്വദേശി ശിവകുമാ൪ റെഡ്ഡി (35), ക൪ണാടക സ്വദേശി പ്രകാശ് (30) എന്നിവരും സിവിലിയനായ കോയമ്പത്തൂ൪ ഹൗസിങ് ബോ൪ഡ് എൻജിനീയ൪ പഴനിസ്വാമിയുമാണ് (40) മരിച്ചത്.
സൈനികരായ ജോൺ പീറ്റ൪ (35), ഗാന്ധി, വി.പി. പാട്ടീൽ, ജനി എന്നിവരെ കൂനൂ൪ മിലിട്ടറി ആശുപത്രിയിലും ഷില്ലോങ്ങിൽ മരിച്ച ജവാൻ ശരവണകുമാറിൻെറ ബന്ധുക്കളെ കോയമ്പത്തൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച പഴനിസ്വാമി ജവാൻെറ ബന്ധുവാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് അപകടം.
ഷില്ലോങ്ങിൽ ഹൃദയസ്തംഭനംമൂലം മരിച്ച ഊട്ടി ഇന്ദിരാനഗ൪ സിദ്ധൻെറ മകൻ ശരവണകുമാറിൻെറ (30) മൃതദേഹം ബുധനാഴ്ച രാവിലെ എയ൪ഫോഴ്സ് വിമാനത്തിൽ കോയമ്പത്തൂരിലെത്തിച്ചിരുന്നു. അവിടെനിന്നാണ് എം.ആ൪.സി ക്യാമ്പിലെ സൈനികരും ജവാൻ ശരവണകുമാറിൻെറ ബന്ധുക്കളുമായി മിലിട്ടറി ട്രക്ക് പോയി മൃതദേഹം ഏറ്റുവാങ്ങി തിരിച്ചുവരവെ മേട്ടുപ്പാളയം കുമരൻകുണ്ടിൽ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റവരെ കൂനൂ൪ എം.ആ൪.സി ഹോസ്പിറ്റലിലും കോയമ്പത്തൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.