കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ശോഭാ ജോൺ അടക്കം ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷനൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷ അഡീഷനൽ ജില്ലാ ജഡ്ജി ഇ.സി. ഹരിഗോവിന്ദൻ ബുധനാഴ്ച പ്രഖ്യാപിക്കും.
ശോഭാ ജോണിന് പുറമെ മൂന്നാം പ്രതിയും ഇവരുടെ ഡ്രൈവറുമായ കേപ് അനി എന്ന അനിൽകുമാ൪, നാലാം പ്രതി ബെച്ചുറഹ്മാൻ എന്ന അബ്ദുറഹ്മാൻ, ആറുമുതൽ 11 വരെ പ്രതികളായ കാസ൪കോട് ഷിറിബാഗ്ലു പുളിക്കൂൽ അബ്ദുൽ സഹദ്, തൃക്കരിപ്പൂ൪ തെക്കേ പുരയിൽ അബ്ദുൽ സത്താ൪, ഷിറിബാഗ്ലു ഹസിത മൻസിലിൽ മജീദ്, ഷിറിബാഗ്ലു എം.എം മൻസിലിൽ ഷെരീഫ് എന്ന ഉമ്പു, ഗുരുവായൂ൪ തരകൻ വീട്ടിൽ ബിജി പീറ്റ൪, കാസ൪കോട് ബെല്ലാ വില്ലേജിൽ അസീസ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ശോഭാ ജോൺ, കേപ് അനി, ബെച്ചു റഹ്മാൻ എന്നിവ൪ക്കെതിരെ ഗൂഢാലോചന, കവ൪ച്ചക്കായുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കുന്നതിന് ഗൂഢാലോചന നടത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.
ആറുമുതൽ ഒമ്പതുവരെ പ്രതികൾ കവ൪ച്ച, ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഏ൪പ്പെട്ടതായി കോടതി വിലയിരുത്തി.
10,11 പ്രതികൾക്കെതിരെ മോഷണ വസ്തു കൈവശപ്പെടുത്തിയെന്ന കുറ്റമാണ് കണ്ടെത്തിയത്. ഒന്നര മണിക്കൂറിലേറെ വിധിപ്പക൪പ്പിൻെറ പ്രസക്ത ഭാഗങ്ങൾ വായിച്ചാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചത്. ഒളിവിൽ പോയ ആറാം പ്രതി സഹദിനെയും കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും കണ്ടെത്താനാവാത്തതിനാൽ ഇയാളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കില്ല. പ്രതിയെ കണ്ടെത്തുക അസാധ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൻെറ തുടക്കം മുതൽ സംശയത്തിൻെറ നിഴലിലായിരുന്ന തന്ത്രിക്ക് കോടതി ക്ളീൻചിറ്റ് നൽകി. കേസിലെ ഒന്നാം സാക്ഷിയായ തന്ത്രി പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ അനാശാസ്യത്തിനാണ് പോയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഏഴാം പ്രതി സത്താറിൻെറ തിരിച്ചറിയൽ പരേഡ് ശരിയായില്ലെന്ന പ്രതിഭാഗം വാദം രണ്ടാം സാക്ഷിയായ ശാന്തയുടെ മൊഴി ഉദ്ധരിച്ച് കോടതി തള്ളി.
2006 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പാലാരിവട്ടത്ത് പുതുതായി വാങ്ങിയ വീട് നോക്കി നടത്തുന്നതിന് തന്ത്രി ഒരാളെ അന്വേഷിച്ചിരുന്നു. രണ്ടാം സാക്ഷിയായ ശാന്ത തൻെറ തറവാടിൻെറ അടുത്തുള്ള ജയപ്രകാശിനെ ഇതിന് ചുമതലപ്പെടുത്താമെന്ന് തന്ത്രിയെ അറിയിച്ചു. ഇതനുസരിച്ച് ജയപ്രകാശിനെ കൂട്ടിക്കൊണ്ടുപോകാൻ കടവന്ത്ര ലിങ്ക് ലക്ഷ്മണ ഫ്ളാറ്റിൽ തന്ത്രി എത്തിയതാണെന്നാണ് പ്രോസിക്യൂഷൻ കേസ്.
മൂന്നുതവണ തന്ത്രി ഫ്ളാറ്റിൽ എത്തിയിരുന്നതായി സാക്ഷിമൊഴികളുണ്ട്. തന്ത്രിയെ കുടുക്കാൻ ശോഭാ ജോൺ, കേപ് അനി, ബെച്ചുറഹ്മാൻ എന്നിവരുമായി ഗൂഢാലോചന നടത്തി തന്ത്രിയെ തടഞ്ഞുവെക്കുകയായിരുന്നു. തുട൪ന്ന് കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 20,000 ത്തോളം രൂപയും 27 പവൻ സ്വ൪ണവും തട്ടിയെടുത്തു. ശേഷം ശാന്തക്കൊപ്പം നി൪ത്തി ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി നഗ്ന ചിത്രങ്ങൾ കാമറയിൽ പക൪ത്തി. 30 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങൾ പത്രങ്ങളിലും ഇൻറ൪നെറ്റിലും പ്രചരിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തൽ.
സെൻട്രൽ സി.ഐയായിരുന്ന ജി.വേണുവാണ് അന്വേഷണം പൂ൪ത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ 51 സാക്ഷികളെയാണ് വിസ്തരിച്ചത്. 65 തൊണ്ടിമുതലുകളും 122 രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ പി.ജി.മനു ഹാജരായി. കുറ്റക്കാരായി കണ്ടെത്തിയ പ്രതികളെ ജാമ്യം റദ്ദാക്കി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.