ജന്ദലിന്‍െറ ഫോട്ടോ കസബ് തിരിച്ചറിഞ്ഞില്ലെന്ന്

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ അബൂ ജന്ദലിൻെറ പങ്ക് വെളിപ്പെടുത്തിയ അജ്മൽ അമീ൪ കസബിന് ജന്ദലും സയ്യിദ് സബീഉദ്ദീൻ അൻസാരിയും ഒരാളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. ജന്ദൽ സൗദി അറേബ്യയിൽ പിടിയിലായപ്പോഴാണ് ക്രൈംബ്രാഞ്ച് അധികൃത൪  കസബിനെ ഫോട്ടോ കാണിച്ചത്. എന്നാൽ ഫോട്ടോയിലുള്ളത് അബൂ ജന്ദലാണെന്നു കസബിന് തിരിച്ചറിയാനായില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
പാകിസ്താനിലെ ക്യാമ്പിൽ താനുൾപ്പെടെ മുംബൈ ആക്രമണത്തിന് ദൗത്യമേറ്റവരെ ഹിന്ദി ഭാഷ പഠിപ്പിച്ചത് ഇന്ത്യക്കാരനായ അബൂ ജന്ദലാണെന്നാണ് കസബ് നേരത്തേ വെളിപ്പെടുത്തിയത്. മുംബൈയിലെ മജിസ്ട്രേറ്റിനു മുന്നിൽ നടത്തിയ കുറ്റസമ്മത മൊഴിയിലും കസബ് ഇത് ആവ൪ത്തിച്ചു. കസബ് ഉദ്ദേശിക്കുന്ന അബൂ ജന്ദൽ ഇപ്പോൾ തങ്ങളുടെ കസ്റ്റഡിയിലുള്ള സയ്യിദ് സബീഉദ്ദീൻ അൻസാരിയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്. കസബിന് ഫോട്ടോ തിരിച്ചറിയാൻ കഴിയാതായതോടെ അധികൃത൪ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
കസബിൻെറ മൊഴിക്കു പുറമെ  അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐയും അബൂ ജന്ദലിനെതിരെ തെളിവു നൽകിയിരുന്നു. ആക്രമണത്തിനിടെ ജന്ദൽ ഫോൺവഴി ഭീകര൪ക്ക് നി൪ദേശം നൽകുന്നതിൻെറ തെളിവുകളാണ് എഫ്.ബി.ഐ. ഹാജരാക്കിയത്.
ഈ വ൪ഷം മേയ് ആദ്യ വാരത്തിലാണ് സൗദിയിലെ ദമ്മാമിൽ ജന്ദൽ പിടിക്കപ്പെടുന്നത്. അമേരിക്കൻ ചാര ഏജൻസിയായ സി.ഐ.എയുടെ സഹായത്തോടെയാണ് സൗദി അധികൃത൪ ജന്ദലിനെ പിടികൂടിയത്. റഹ്മത്ത് അലി എന്ന പേരിൽ പാക് പൗരനായാണ് ജന്ദൽ അവിടെ കഴിഞ്ഞിരുന്നത്. പാകിസ്താൻ സ൪ക്കാറിൻെറ തിരിച്ചറിയൽ കാ൪ഡും കൈവശമുണ്ടായിരുന്നു. പിടിയിലായത് തീവ്രവാദ കേസിൽ പിടികിട്ടാപുള്ളിയായ സയ്യിദ് സബീഉദ്ദീൻ അൻസാരിയാണെന്ന് ഇന്ത്യ അവകാശമുന്നയിച്ചു. അമേരിക്കയുടെ സമ്മ൪ദത്തെ തുട൪ന്ന് ജൂൺ 21 ന് സൗദി അധികൃത൪ ജന്ദലിനെ ദൽഹിയിലേക്കു വിമാനം കയറ്റിവിടുകയായിരുന്നു.
2006ലെ ഔംഗാബാദ് ആയുധ വേട്ട കേസിലെ ഏഴ് പിടികിട്ടാപ്പുള്ളികളിൽ ഒന്നാമനാണ് സബീഉദ്ദീൻ. ആയുധ വേട്ടയെ തുട൪ന്ന് പാകിസ്താനിലേക്കു കടന്ന സബീഉദ്ദീൻ ലശ്കറെ ത്വയ്യിബക്കു യുവാക്കളെ കണ്ടെത്തുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നെന്ന് ഇൻറലിജൻസ് വൃത്തങ്ങൾ പറഞ്ഞു. സൗദിയിലും ഇതേ ദൗത്യമാണ് നി൪വഹിച്ചിരുന്നതെന്ന് അവ൪ കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.