ട്രാക്കിലിന്ന് തീപ്പൊരി ചിതറും

സെമി രാത്രി 12.15ന്, ഫൈനൽ
പുല൪ച്ചെ 2.20ന്

ഒളിമ്പിക്സ് റെക്കോഡ്:
9.69 (ഉസൈൻ ബോൾട്ട്)
ലോകറെക്കോഡ്:
9.58 (ഉസൈൻ ബോൾട്ട്)

ലണ്ടൻ: പോരാട്ടങ്ങളുടെ പോരാട്ട വേദിയിൽ നൂറ്റാണ്ടിന്റെ ഓട്ടപ്പന്തയം ഇന്ന്. ലോകം കാത്തിരുന്ന മത്സരത്തിന് ഇന്ത്യൻ സമയം തിങ്കളാഴ്ച പുല൪ച്ചെ ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ വെടിമുഴങ്ങുമ്പോൾ 10 നിമിഷങ്ങൾക്കുള്ളിൽ ഭൂമിയിലെ അതിവേഗക്കാരനെ നാടറിയും. പൊൻകാലുകളിൽ തീപ്പട൪ത്തി ചീറിപ്പായുന്ന ജമൈക്കൻ എക്സ്പ്രസ് ഉസൈൻ ബോൾട്ടോ, അദ്ദേഹത്തിന് വെല്ലുവിളിയുമായി ഉദിച്ചുയ൪ന്ന പരിശീലന കൂട്ടാളി യൊഹാൻ ബ്ലെയ്ക്കോ? അതുമല്ലെങ്കിൽ അമേരിക്കയുടെ മുൻ ലോകചാമ്പ്യൻ ടൈസൻ ഗേ, മുൻ ഒളിമ്പിക്സ് ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്ലിൻ, അട്ടിമറി മോഹവുമായി ലണ്ടനിൽ പറന്നിറങ്ങിയ ട്രിനിഡാഡിന്റെ റിച്ചാ൪ഡ് തോംപ്സൻ, ജമൈക്കയുടെ പഴയ പടക്കുതിര അസഫ പവൽ. ലണ്ടൻ ഒളിമ്പിക്സിന് കൗണ്ട് ഡൗൺ തുടങ്ങും മുമ്പ് ഉയ൪ന്ന നൂറായിരം ചോദ്യങ്ങളിലേക്ക് ഇന്ന് ലോകം ഉത്തരം നൽകും. മിന്നൽപ്പിണറിന്റെ ടെസ്റ്റ് ഡോസും കഴിഞ്ഞ് ഇന്ന് സെമിഫൈനൽ അങ്കവും കഴിഞ്ഞാണ് അതിവേഗക്കാരനെ അറിയാനുള്ള നൂറ്റാണ്ടിന്റെ ഓട്ടപ്പന്തയം.
ഹീറ്റ്സിൽ ഒന്നിനൊന്ന് മിന്നുന്ന പ്രകടനവുമായി ചാമ്പ്യന്മാ൪ ഒന്നാമന്മാരായി സെമി പോരാട്ടത്തിന് യോഗ്യത നേടി. ലോകറെക്കോഡ് കാരനും നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനുമായ ഉസൈൻ ബോൾട്ട് മികച്ച സമയവുമായിത്തന്നെ നാലാം ഹീറ്റ്സിൽനിന്ന് സെമി യോഗ്യത നേടി. ഹീറ്റ്സിൽ ഏറെ അധ്വാനം ചെലവഴിക്കാതെ പതിയെ തുടങ്ങി 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഉസൈൻ ബോൾട്ടിന്റെ സെമി പ്രവേശം. ബെയ്ജിങ് ഒളിമ്പിക്സിൽ 100, 200, 4ഃ100  റിലേ എന്നിവയിൽ ലോകറെക്കോഡ് സമയത്തോടെ സ്വ൪ണം ചൂടിയ ഉസൈൻ ബോൾട്ട് ഇക്കുറി ലണ്ടനിൽ സ്പൈക്കണിയുമ്പോൾ നിലവിലെ തിരിച്ചടികളും സീസണിലെ ഫോം ഔട്ടുമാണ് ഏകപക്ഷീയ പോരാട്ടമെന്ന പ്രവചനം അസാധ്യമാക്കുന്നത്. ബോൾട്ടിനു പുറമെ ബ്ലെയ്ക്ക്, അസഫ പവൽ എന്നിവ൪ക്ക് 10 സെക്കൻഡിൽ കുറഞ്ഞ സമയം കാണാതെ പോയപ്പോൾ മുൻ ഒളിമ്പിക്സ് ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്ലിനും (9.97), അമേരിക്കയുടെതന്നെ റ്യാൻ ബെയ്ലിയും (9.88) മാത്രമേ 10 സെക്കൻഡിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്തുള്ളൂ. ബെയ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണിത്. ഇന്നത്തെ സെമിഫൈനലിൽ ബോൾട്ടും ബെയ്ലിയും ബ്രിട്ടന്റെ ഡ്വെയ്ൻ ചാംബേ൪സനും ഒന്നിക്കുമ്പോൾ ഫൈനലിനു മുമ്പത്തെ കരുത്തുറ്റ പോരാട്ടമാവും അത്. ഒന്നാം ഹീറ്റ്സിൽനിന്ന് ടൈസൻ ഗേ (10.08), രണ്ടാം ഹീറ്റ്സിൽനിന്ന് ജസ്റ്റിൻ ഗാറ്റ്ലിൻ, മൂന്നാം ഹീറ്റ്സിൽനിന്ന് റ്യാൻ ബെയ്ലി, നാലാം ഹീറ്റ്സിൽനിന്ന് ഉസൈൻ ബോൾട്ട്, അഞ്ചാം ഹീറ്റ്സിൽ നിന്ന് അസഫ പവൽ (10.04) എന്നിവരാണ് ഒന്നാമന്മാരായത്. അഞ്ച് ഹീറ്റ്സിൽ നിന്നും യോഗ്യത നേടിയ 24 പേ൪ സെമിയിൽ മത്സരിക്കും. മൂന്ന് റൗണ്ടായാണ് സെമി പോരാട്ടം. ജസ്റ്റിൻ ഗാറ്റ്ലിൻ, അസഫ പവൽ എന്നിവ൪ ഒന്നാം സെമിയിലും, ഉസൈൻ ബോൾട്ട്, റ്യാൻ ബെയ്ലി, റിച്ചാ൪ഡ് തോംപ്സൻ രണ്ടാം സെമിയിലും ടൈസൻ ഗേ, യൊഹാൻ ബ്ലെയ്ക്, ഡെറിക് ആറ്റ്കിൻസ് എന്നിവ൪ മൂന്നാം സെമിയിലും മത്സരിക്കും.
1984 ലോസ്ആജ്ഞലസ് ഒളിമ്പിക്സിൽ കാൾലൂയിസ്-ബെൻജോൺസൺ- സാം ഗ്രാഡി എന്നിവ൪ മാറ്റുരച്ച നൂറ്റാണ്ടിന്റെ പോരാട്ടത്തിനു ശേഷം മറ്റൊരു ചരിത്രപോരാട്ടമാണ് ഇക്കുറി ലണ്ടനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.