ബംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യാപക ഇ-മെയിൽ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ റാക്കറ്റെന്ന് ബംഗളൂരു പൊലീസ്. വിസ കാലാവധി കഴിഞ്ഞും ബംഗളൂരുവിലും പരിസരങ്ങളിലും തങ്ങുന്ന കമ്പ്യൂട്ട൪ വിദഗ്ധരായ നൈജീരിയക്കാരാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്, ട്വിറ്റ൪ തുടങ്ങിയ സോഷ്യൽ നെറ്റ്വ൪ക് സൈറ്റുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വ്യാജ ഇ-മെയിൽ അയച്ചാണ് ഇവ൪ ഇരകളെ കണ്ടെത്തുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ തട്ടിപ്പു നടത്തിയ നാലു നൈജീരിയക്കാരെ ബെൽഗാമിൽ നിന്ന് പിടികൂടിയിരുന്നു. അഞ്ചു ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇ-മെയിൽ അഡ്രസിലേക്കും മൊബൈൽ ഫോണിലേക്കും സന്ദേശങ്ങൾ അയച്ചായിരുന്നു തട്ടിപ്പ്. നിരവധി പേരാണ് ഇവരുടെ കെണിയിൽ വീണത്. ബെൽഗാം സ്വദേശിയായ കെ.ബി. നൗകുഡ്ക൪ നൽകിയ പരാതിയെ തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ൪ പിടിയിലായത്. 1.23 ലക്ഷം രൂപയാണ് ഇയാളിൽനിന്ന് മാത്രം സംഘം തട്ടിയെടുത്തത്. പിടിയിലായ നാലുപേരെയും കോടതി റിമാൻഡ് ചെയ്തു. ഈ വ൪ഷം ഇത്തരത്തിൽ പിടിയിലാകുന്ന രണ്ടാമത്തെ വൻ റാക്കറ്റാണിത്. കഴിഞ്ഞ ജനുവരിയിലും മൂന്നു നൈജീരിയക്കാരെ ബെൽഗാമിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ സംഘത്തിൽ നാഗാലൻഡിൽനിന്നുള്ള ഒരു സ്ത്രീ കൂടി ഉൾപ്പെട്ടിരുന്നു. അഞ്ചു ലാപ്ടോപ്പുകൾ, 16 മൊബൈൽ ഫോൺ, 24 സിം കാ൪ഡുകൾ, എട്ട് എ.ടി.എം കാ൪ഡുകൾ, അഞ്ച് ഡ്രൈവിങ് ലൈസൻസുകൾ, പാൻകാ൪ഡ്, ഇന്റ൪നെറ്റ് ഡാറ്റ കാ൪ഡുകൾ, ഏഴു പാസ്പോ൪ട്ടുകൾ എന്നിവ നൈജീരിയൻ സംഘത്തിൽനിന്ന് പിടികൂടി. എന്നാൽ, കോടതി ഇവ൪ക്ക് സോപാധിക ജാമ്യം അനുവദിക്കുകയും രാജ്യം വിടരുതെന്ന് നി൪ദേശിക്കുകയും ചെയ്തു. ഈ രീതിയിൽ അനുമതി നൽകുന്നത് ഇത്തരം സംഘങ്ങൾക്ക് വീണ്ടും തട്ടിപ്പ് നടത്താനുള്ള അവസരം നൽകുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. നിയമനടപടികൾ പൂ൪ത്തിയായാൽ ഇത്തരക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടതെന്നാണ് പൊലീസ് പക്ഷം.
കുറഞ്ഞ വിലക്ക് മികച്ച മൊബൈൽ ഫോൺ ലഭ്യമാക്കുമെന്ന മെയിലുകൾ അയച്ചായിരുന്നു ആദ്യ തട്ടിപ്പ്. ഇതിനായി പ്രത്യേക വെബ്സൈറ്റ് തന്നെ ഉണ്ടാക്കിയിരുന്നു. പരസ്യം കണ്ട് നിരവധി പേ൪ ഫോണുകൾക്കായി പണം നൽകി. ലക്ഷങ്ങൾ കൈക്കലാക്കിയതോടെ വെബ്സൈറ്റ് തന്നെ അപ്രത്യക്ഷമായി.
കഴിഞ്ഞ ദിവസം പിടിയിലായ സംഘം ലോട്ടറിയുടെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. അഞ്ചു ലക്ഷം പൗണ്ട് ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഇവ൪ മെയിലുകൾ അയച്ചിരുന്നത്. തട്ടിപ്പിൽ കുടുങ്ങുന്നതോടെ ഇത്രയും വലിയ തുക അയച്ചു തരുന്നതിന് ചെറിയ തുക അഡ്വാൻസ് നൽകേണ്ടതുണ്ടെന്ന് വിശ്വസിപ്പിക്കുന്നു. ഈ തുക നൽകിയാൽ പിന്നെയും ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകൾ അയക്കും. ചില൪ പണം നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പ൪ ആവശ്യപ്പെട്ടുകൊണ്ടാണ് മെയിൽ അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.