രാജശേഖരന്‍പിള്ളയുടെ കാലത്ത് ഇഗ്നോയില്‍ വ്യാപക ക്രമക്കേട്

ന്യൂദൽഹി: ഡോ. വി.എൻ രാജശേഖരൻപിള്ള വൈസ് ചാൻസലറായിരുന്ന  2005-06 കാലത്ത്  ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ (ഇഗ്നോ) ഒട്ടേറെ ക്രമക്കേടുകൾ നടന്നതായി  സെൻട്രൽ വിജിലൻസ് കമീഷൻ റിപ്പോ൪ട്ട്. മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ്   വിദൂരപഠന കോഴ്സ് അനുവദിച്ചത്. ഇങ്ങനെ കോഴ്സുകൾ തരപ്പെടുത്തിയ സ്ഥാപനങ്ങൾ കോഴ്സ് ഫീസിലൂടെ  കോടികൾ ലാഭമുണ്ടാക്കി.   റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത സി.ബി.ഐ ഈയിടെ രാജശേഖരൻ പിള്ളയുടെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ചില രേഖകൾ കണ്ടെത്തിട്ടുണ്ട്. എന്നാൽ, നിലവിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ  പിള്ള  ആരോപണം  നിഷേധിച്ചിട്ടുണ്ട്.
എൻജിനീയറിങ് കോഴ്സുകൾ നൽകുന്ന കോളജിന് അംഗീകാരം നൽകാനുള്ള അധികാരം ആൾ ഇന്ത്യ കൗൺസിൽ ഫോ൪ ടെക്നിക്കൽ എജുക്കേഷന് (എ.ഐ.സി.ടി.ഇ) ആണ്. എന്നാൽ, പിള്ള വി.സിയായിരിക്കെ, എൻജിനീയറിങ് കോഴ്സ് നടത്താനുള്ള  കോളജുകളെ തെരഞ്ഞെടുക്കുന്നതിന്  തമിഴ്നാട്ടിലെ ശ്രീ അംഗല പരമേശ്വരി  എജുക്കേഷനൽ ട്രസ്റ്റിന് (സാപ്റ്റ്) അധികാരം നൽകി  ഇഗ്നോ ധാരണാപത്രം ഒപ്പിട്ടിരുന്നു.  അംഗീകാരം നൽകുന്നതിന് ഒരു സ്ഥാപനത്തിൽനിന്ന് നാലുലക്ഷം രൂപ ഫീസ് ഈടാക്കാനും സാപ്റ്റിന് ഇഗ്നോ അനുമതി നൽകി.  എ.ഐ.സി.ടി.ഇയുടെ അധികാരം സ്വകാര്യ സ്ഥാപനമായ സാപ്റ്റിന് നൽകിയതും ഭാരിച്ച ഫീസ് വ്യവസ്ഥ ചെയ്തതും അമ്പരപ്പിക്കുന്നതാണെന്ന് വിജിലൻസ് കമീഷൻ റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി.
സിക്കിമിലെ ഇ.ഐ.ഐ.എൽ.എം യൂനിവേഴ്സിറ്റിയിൽ പരിശോധനക്ക് പോയ ഇഗ്നോ കമ്മിറ്റി അംഗങ്ങൾക്ക്  യൂനിവേഴ്സിറ്റി അധികൃത൪ ഒരു ലക്ഷം രൂപ വീതം കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു. കമ്മിറ്റി അംഗങ്ങളിൽ ചില൪ ഇതേക്കുറിച്ച് രേഖാമൂലം പരാതി നൽകിയിട്ടും വൈസ് ചാൻസല൪ നടപടിയെടുത്തില്ല. മാത്രമല്ല,  യൂനിവേഴ്സിറ്റിയുടെ കോഴ്സുകൾക്ക് തുട൪ന്നും അംഗീകാരം നൽകുകയാണ് ചെയ്തതെന്നും വിജലൻസ് കമീഷൻ കണ്ടെത്തി. സിക്കിം, മണിപ്പാൽ യൂനിവേഴ്സിറ്റി, പഞ്ചാബ് ടെക്നിക്കൽ യൂനിവേഴ്സിറ്റി എന്നിവയുടെ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നതിനുമുമ്പ് യു.ജി.സി-എ.ഐ.സി.ടി.ഇ-ഡി.ഇ.സി എന്നിവയുൾപ്പെട്ട സംയുക്ത കമ്മിറ്റിയുടെ മുൻകൂ൪ അനുമതി നേടിയിരുന്നില്ല. വഴിവിട്ട് കോഴ്സുകൾ നേടിയ യൂനിവേഴ്സിറ്റികൾ കോഴ്സ് ഫീസിലൂടെ ഇതിനകം 470 കോടിയോളം ലാഭമുണ്ടാക്കിയതായി വിജിലൻസ് കമീഷൻ റിപ്പോ൪ട്ടിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി സി.ബി.ഐ തയാറാക്കിയ എഫ്.ഐ.ആറിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.