മുംബൈ: പാകിസ്താനിലെ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയിൽ നാല് ഇന്ത്യക്കാ൪കൂടി പ്രവ൪ത്തിച്ചിരുന്നതായി മുംബൈ ഭീകരാക്രമണ കേസ് പ്രതി അബൂ ജന്ദൽ എന്ന സയ്യിദ് സബീഉദ്ദീൻ അൻസാരി. രണ്ടുപേ൪ മഹാരാഷ്ട്രക്കാരും ഒരാൾ കശ്മീരുകാരനും മറ്റൊരാൾ എവിടത്തുകാരനാണെന്നു അറിയില്ലെന്നും പറഞ്ഞ അബൂജന്ദൽ ഇവ൪ക്കു മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്നും മൊഴിനൽകിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. പാകിസ്താനിൽനിന്നു സൗദിഅറേബ്യയിലേക്കു പോകുന്നതുവരെ ഇവരുമായി ബന്ധം പുല൪ത്തിയിരുന്നതായും അബൂ ജന്ദൽ വെളിപ്പെടുത്തി.
മറാത്ത്വാഡയിലെ ബീഡ് നിവാസിയാണ് അബൂ ജന്ദൽ. അതേ പ്രദേശത്തുനിന്നുള്ളവരാണ് ലശ്കറെ ത്വയ്യിബക്കു വേണ്ടി പ്രവ൪ത്തിക്കുന്ന രണ്ടുപേ൪. ഇവരുടെ വിളിപ്പേര് അബൂ ശെ൪ജി, അബൂ ജറാ൪ എന്നാണത്രെ. കശ്മീരുകാരൻ അബൂ മുസാബ് എന്നും മറ്റെയാൾ അബൂ സെയ്ദ് എന്നുമാണ് വിളിക്കപ്പെട്ടത്. 2006ലെ ഔംഗാബാദ് ആയുധവേട്ട കേസിൽ പ്രതിയായ അസ്ലം കശ്മീരിയാണ് അബൂ മുസാബെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. അസ്ലം കശ്മീരിയാണ് സബീഉദ്ദീനെ തീവ്രവാദ പ്രവ൪ത്തനങ്ങളിലേക്ക് അടുപ്പിച്ചതെന്ന് മഹാരാഷ്ട്ര എ.ടി.എസ് പറയുന്നു.
റാവൽപിണ്ടിയിൽ നടക്കാറുള്ള ലശ്കറെ ത്വയ്യിബ പ്രവ൪ത്തകരുടെ വാ൪ഷിക യോഗത്തിൽ ഇന്ത്യയിൽ തീവ്രവാദ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ഫയാസ് കഗ്സി, തൗഖീ൪ സുബാൻ ഖുറൈശി, രാഹീൽ ശൈഖ് തുടങ്ങിയവരെ കാണാറുള്ളതായും അബൂ ജന്ദൽ വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ലശ്കറെ ത്വയ്യിബയുടെ പ്രധാന സംഘത്തിലേക്കു മുംബൈ ആക്രമണത്തിനു നാല് മാസംമുമ്പാണ് പ്രവേശം ലഭിച്ചതെന്നും അബൂ ജന്ദൽ വെളിപ്പെടുത്തി. മുംബൈ ആക്രമിക്കാൻ 20ലേറെ പേരെയാണ് ആദ്യം നിയോഗിച്ചതെന്നും ആദ്യ ഗ്രൂപ്പിൽ ഇന്ത്യക്കാരുമുണ്ടായിരുന്നുവെന്നും ജന്ദൽ എ.ടി.എസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.