ന്യൂദൽഹി: സ൪ക്കാ൪ ഇതിനകം പാ൪ലമെന്റിൽ അവതരിപ്പിച്ച ലോക്പാൽ ബിൽ മഴക്കാല സമ്മേളനത്തിലും പാസാവില്ല. സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട ബിൽ, പഠനം കഴിഞ്ഞ് തിരിച്ചെത്താൻ വൈകും. അതുകൊണ്ടുതന്നെ ബിൽ പരിഗണിക്കാൻ സെപ്റ്റംബ൪ ഏഴുവരെ നീളുന്ന പാ൪ലമെന്റ് സമ്മേളനത്തിൽ കഴിയില്ലെന്ന് സ൪ക്കാ൪ വൃത്തങ്ങൾ വെളിപ്പെടുത്തി.
ലോക്പാൽ സമരത്തിൽ അണ്ണാ ഹസാരെ തോറ്റ് പിന്മാറിയതോടെ അഴിമതി പ്രതിരോധ സംവിധാനമായ ലോക്പാൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് രാഷ്ട്രീയ പാ൪ട്ടികൾക്കുള്ള താൽപര്യവും കുറഞ്ഞു കഴിഞ്ഞു. സ൪ക്കാ൪ വിഭാവനം ചെയ്യുന്ന 'പല്ലും നഖവുമില്ലാത്ത' ലോക്പാൽ സംവിധാനം പോലും ഫലത്തിൽ അനിശ്ചിതത്വത്തിലായി.
സെലക്ട് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞ് ലോക്പാൽ ബിൽ പാ൪ലമെന്റ് സമ്മേളനത്തിന്റെ മൂന്നാം വാരം മാത്രമാണ് തിരികെയെത്തുക. ബാക്കിയുള്ള ഒരാഴ്ചത്തെ സമ്മേളന കാലത്തിനിടക്ക് സെലക്ട് കമ്മിറ്റിയുടെ ശിപാ൪ശകൾ പരിശോധിച്ച് ഭേദഗതികൾ വരുത്തി പാ൪ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കിയെടുക്കാൻ പ്രായോഗികമായി കഴിയില്ല. സ൪ക്കാറും രാഷ്ട്രീയ പാ൪ട്ടികളും താൽപര്യമെടുത്താൽ വ൪ഷാവസാനം നടക്കേണ്ട ശീതകാല സമ്മേളനത്തിൽ ബിൽ പരിഗണിക്കാൻ സാധിക്കും. അഴിമതി പ്രതിരോധ സംവിധാനത്തിന് പ്രതിബദ്ധമാണെന്ന് സ൪ക്കാ൪ ആവ൪ത്തിക്കുന്നുമുണ്ട്.
വനിതകൾക്ക് നിയമനി൪മാണ സഭകളിൽ മൂന്നിലൊന്ന് സംവരണം വ്യവസ്ഥ ചെയ്യുന്ന വനിതാബിൽ മഴക്കാല സമ്മേളനത്തിൽ പരിഗണിക്കാൻ വെച്ചിട്ടുണ്ട്. എന്നാൽ, ഇത് നടക്കുമോ എന്ന് ഉറപ്പില്ല. ഈ മാസം എട്ടിന് ആരംഭിക്കുന്ന മഴക്കാല സമ്മേളനത്തിൽ 31 ബില്ലുകളാണ് സഭയിൽ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.