മുംബൈ: പുണെ സ്ഫോടന പരമ്പരക്ക് ഉപയോഗിച്ച സൈക്കിളുകൾ വാങ്ങിയ രണ്ടുപേരുടെ രേഖാചിത്രം തയാറാക്കി. പുണെ ബുധ്വാ൪പേട്ടിലുള്ള സോണി സൈക്കിൾ ട്രേഡിങ് കമ്പനിയിൽനിന്ന് സ്ഫോടനം നടന്ന ബുധനാഴ്ച രാവിലെയാണ് രണ്ട് പേ൪ രണ്ട് ഹീറോ സൈക്കിളുകൾ വാങ്ങിയത്. കടയുടമ സുജിത് ദേശ്മുഖും ജീവനക്കാരനും നൽകിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം.
25നും 30നുമിടക്കു പ്രായമുള്ളവരാണ് സൈക്കിൾ വാങ്ങാനെത്തിയതെന്ന് സുജിത് മൊഴിനൽകി.
ആദ്യം സെക്കന്റ്ഹാന്റ് സൈക്കിൾ വിൽപനക്കുണ്ടോ എന്നായിരുന്നുവത്രെ അവരുടെ അന്വേഷണം. കിട്ടാനില്ലെന്ന് കണ്ടതുകൊണ്ടാണത്രെ പുതിയതു വാങ്ങിയത്. സൈക്കിളിന്റെ ഹാൻഡിലിൽ ബാസ്ക്കറ്റ് വേണമെന്നു വന്നവ൪ക്കു നി൪ബന്ധമുണ്ടായിരുന്നതായും കടയുടമ പൊലീസിനോടു പറഞ്ഞു.
സ്ഫോടനം നടന്ന ജങ്ലി മഹാരാജ് റോഡിൽനിന്ന് സംഭവസമയത്തും മുമ്പും ശേഷവും വിളിച്ച ഫോൺ കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വിവിധ മൊബൈൽ കമ്പനികളുടെ സഹായവും തേടി.
സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും ചോദ്യം ചെയ്യലിനു ശേഷം പറഞ്ഞുവിട്ടു. ഹോസ്പിറ്റലിൽ പൊലീസ് ചോദ്യംചെയ്തുവന്ന സ്ഫോടനത്തിൽ പരിക്കേറ്റ തയ്യൽക്കാരൻ ദയാനന്ദ് ബാബു റാവു പാട്ടീലിന് ക്ളീൻചിട്ട് നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വിദേശയാത്രകൾ ദുരൂഹമാണെന്ന് പുണെ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. പാട്ടീലിന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ആദ്യ സ്ഫോടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.