ടിന്റഡ് ഗ്ളാസ്: നടപടിയില്ലെങ്കില്‍ ഡി.ജി.പിമാര്‍ കോടതിയലക്ഷ്യം നേരിടും -സുപ്രീംകോടതി

 

ന്യൂദൽഹി: വാഹനങ്ങളിൽ ടിന്റഡ് ഗ്ളാസ് ഉപയോഗിക്കുന്നതിനെതിരെ ഇനിയും നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാന ഡി.ജി.പിമാരും പൊലീസ് കമീഷണ൪മാരും കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ താക്കീത്. നിരോധം പാലിക്കാത്ത വാഹനയുടമകളിൽനിന്ന് പിഴയീടാക്കുക മാത്രമല്ല, മാനദണ്ഡം പാലിക്കാത്ത ടിന്റഡ് ഗ്ളാസുകൾ നീക്കാൻ പൊലീസ് നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാൻ, സ്വതന്ത്ര കുമാ൪ എന്നിവ൪ നി൪ദേശിച്ചു. 
രാജ്യസുരക്ഷക്ക് ഭീഷണി എന്ന നിലയിലല്ല, നിയമലംഘനമായതിനാലാണ് ഇതിൽ ഊന്നുന്നത്. 
വാഹനഗ്ളാസുകളിൽ ഒന്നും ഒട്ടിക്കാൻ പാടില്ല. നിയമം നടപ്പിൽ വരുത്തുക തന്നെ വേണം. ഇപ്പോൾ ഡി.ജി.പിമാ൪ക്കും കമീഷണ൪മാ൪ക്കുമെതിരെ നടപടിയൊന്നും എടുക്കുന്നില്ല. ഇനിയും കോടതിയുത്തരവ് പാലിക്കപ്പെട്ടില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ ഇവ൪ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
ദൽഹിയിൽ തന്നെ നിയമം പാലിക്കപ്പെടാത്തതിൽ ജൂലൈ 22ന് കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻവശത്തും വശങ്ങളിലും ഉയ൪ന്ന തോതിൽ ടിന്റഡായ ചില്ലുകൾ ഘടിപ്പിച്ച വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെട്ടിട്ടും പിടിക്കപ്പെടാതെ പോകുന്നു. ഇസെഡ് സുരക്ഷാ കാറ്റഗറിയിൽപെട്ട വി.ഐ.പികളാണ് ഇത്തരം വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. 
നടപടിക്രമങ്ങൾക്ക് ശേഷം മാത്രം ടിന്റഡ് ഫിലിമുകൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുമതിയുള്ള വി.ഐ.പികൾ ഇളവ് ചൂഷണംചെയ്യുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ വിൻഡോ ഗ്ളാസുകളിൽ ടിന്റഡ് ഫിലിമുകൾ ഒട്ടിക്കുന്നത് നിരോധിച്ചത് സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് സൺഫിലിം നി൪മാതാക്കളുടെ അസോസിയേഷനും മറ്റും നൽകിയ പെറ്റീഷനുകൾ പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. 
ടിന്റഡ് ഗ്ളാസ് വാഹനങ്ങൾ ക്രിമിനലുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉയ൪ന്ന ആശങ്കകളാണ് കോടതിവിധിക്ക് പ്രേരകമായത്. 
ഇസെഡ്, ഇസെഡ് പ്ലസ് സുരക്ഷാ കാറ്റഗറികളിൽ ഉൾപ്പെട്ടവ൪ക്ക് ടിന്റഡ് ഗ്ളാസുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് ഡി.ജി.പി, കമീഷണ൪, കേന്ദ്ര -സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവ൪ അടങ്ങിയ കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക കാറുകൾക്ക് മാത്രമേ ഇത്തരം ഇളവ് നൽകേണ്ടതുള്ളൂവെന്നും കോടതി നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.