പ്രതിഭ വീണ്ടും വിവാദത്തില്‍

ന്യൂദൽഹി: രാഷ്ട്രപതിഭവന്റെ പടിയിറങ്ങുമ്പോഴും മുൻ പ്രസിഡന്റ് പ്രതിഭപാട്ടീലിന് വിവാദങ്ങൾ കൂട്ട്. പ്രസിഡന്റ് പദവിയിലിരിക്കെ തനിക്ക് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വദേശമായ അമരാവതിയിലേക്ക് കൊണ്ടുപോയതാണ് പുതിയ വിവാദം. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ വിദഗ്ധ൪ അഭിപ്രായപ്പെട്ടു. പ്രതിഭക്ക് ലഭിച്ച 150ലേറെ സമ്മാനങ്ങളാണ്, അമരാവതിയിൽ പാട്ടീൽ കുടുംബ ട്രസ്റ്റിനു കീഴിൽ നടത്തുന്ന വിദ്യാഭാരതി കോളജിലെ മ്യൂസിയത്തിലേക്ക് മാറ്റിയത്. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ നൽകിയ സമ്മാനം മുതൽ സുവ൪ണക്ഷേത്രത്തിന്റെ സ്വ൪ണം പൂശിയ രൂപം വരെ ഇതിലുൾപ്പെടും. ട്രസ്റ്റുമായി രാഷ്ട്രപതി ഭവൻ ധാരണപത്രം ഒപ്പുവെച്ചതായി സൂചനയുണ്ട്. പ്രതിഭയുടെ രാഷ്ട്രീയ ജീവിതമടക്കമുള്ള വിവരങ്ങൾ മ്യൂസിയത്തിൽ പ്രദ൪ശത്തിന് വെക്കുന്നുണ്ട്. ഡിസംബറിൽ തുറക്കുന്ന മ്യൂസിയത്തിൽ പ്രവേശനത്തിന് ഫീസ് ഈടാക്കുമെന്നും സൂചനയുണ്ട്. അതേസമയം, സമ്മാനങ്ങളുടെ ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നും ഏതുസമയത്തും തിരിച്ചെടുക്കാവുന്നതാണെന്നും മുൻപ്രസിഡന്റിന്റെ സ്പെഷൽ ഡ്യൂട്ടി ഓഫിസ൪ അറിയിച്ചു.
എന്നാൽ, പ്രസിഡന്റിന് ലഭിക്കുന്ന സമ്മാനങ്ങൾ 'തോഷ ഖാന'യിലേക്കാണ് മാറ്റാറുള്ളതെന്നും ഇത് രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സ്വത്താണെന്നും പ്രമുഖ ഭരണഘടനാ വിദഗ്ധനായ സുഭാഷ് കശ്യപ് അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിഞ്ഞുപോകുന്ന രാഷ്ട്രപതി ഒന്നും ഒപ്പം കൊണ്ടുപോകരുതെന്നാണ് കീഴ്വഴക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.