ഇന്ത്യയില്‍ പാക് നിക്ഷേപത്തിന് അനുമതി

ന്യൂദൽഹി: ഇന്ത്യ-പാക് ബന്ധത്തിന് കൂടുതൽ ഉത്തേജനം നൽകി പാകിസ്താൻ പൗരന്മാ൪ക്കും കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപത്തിന് അനുമതി നൽകുന്ന നിയമത്തിൻെറ വിജ്ഞാപനം കേന്ദ്ര സ൪ക്കാ൪ പുറത്തിറക്കി. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തിന് സഹായകമാകുന്ന നിയമം ദക്ഷിണേഷ്യയിലെ സാമ്പത്തികസ്ഥിതിക്ക് പുതിയ ദിശാബോധമേകും.
‘പാക് പൗരനോ അവിടെനിന്നുള്ള സ്ഥാപനത്തിനോ കേന്ദ്ര സ൪ക്കാ൪ നി൪ദേശിക്കുന്ന മാനദണ്ഡങ്ങളോടെ ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താം. പ്രതിരോധം, ബഹിരാകാശം, ആണവോ൪ജം എന്നീ മേഖലകളിൽ ഒഴികെയാണ് ഇത് ബാധകമാവുക’ -കേന്ദ്ര വ്യവസായനയ വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഫെമ (വിദേശനാണ്യ വിനിമയ ചട്ടം) പ്രകാരം പാകിസ്താന് മാത്രമാണ് നിലവിൽ ഇന്ത്യയിൽ നിക്ഷേപം ഇറക്കുന്നതിൽ വിലക്കുള്ളത്. ശ്രീലങ്കയെ 2006ലും ബംഗ്ളാദേശിനെ 2007ലും ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഏപ്രിലിൽ കേന്ദ്ര വ്യവസായനയ വകുപ്പ് പാകിസ്താനെ വിലക്കിൽനിന്നൊഴിവാക്കാൻ നടപടിയെടുത്ത് ധനകാര്യ മന്ത്രാലയത്തോട് നിയമഭേദഗതിക്ക് നി൪ദേശം നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലെ വ്യവസായ-സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ വാണിജ്യ മന്ത്രിമാരും വ്യവസായ സംഘടനകളുമെടുത്ത താൽപര്യത്തിൻെറ ഫലമാണ് പുതിയ നിയമം.
സുരക്ഷാ ആശങ്കകൾ നേരിടാൻ ധനമന്ത്രാലയത്തിന് കീഴിലെ വിദേശനിക്ഷേപ പ്രമോഷൻ കൗൺസിൽ വഴിയാണ് പാക് നിക്ഷേപങ്ങൾ സ്വീകരിക്കുകയെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു.
വ്യത്യസ്ത നഗരങ്ങളിലൂടെ വരാനും തിരിച്ചുപോകാനും പൗരന്മാരെ അനുവദിക്കുന്ന മൾട്ടിപ്പ്ൾ എൻട്രി വിസാചട്ടം ഇരുരാജ്യങ്ങളും നേരത്തേ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽനിന്ന് 2000 ഇനം വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ അനുവാദം നൽകുകവഴി ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തികബന്ധം മെച്ചപ്പെടുത്താൻ പാകിസ്താനാണ് ആദ്യം മുൻകൈയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.