എംബസി കാര്‍ സ്ഫോടന കേസ്: ദല്‍ഹി പൊലീസ് ഇറാനിലേക്ക്

ന്യൂദൽഹി: ഇസ്രായേൽ എംബസി കാ൪ സ്ഫോടന കേസിൻെറ അന്വേഷണത്തിന് ദൽഹി പൊലീസ് ഇറാനിലേക്ക്. കേസിൽ ഉൾപ്പെട്ടെന്ന് സംശയിക്കുന്ന നാല് ഇറാൻ പൗരന്മാരെ ചോദ്യം ചെയ്യുന്നതിനാണ് യാത്ര. ഇതിന് ഇറാൻെറ അനുമതി ലഭിച്ചുകഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയംവൃത്തങ്ങൾ വെളിപ്പെടുത്തി. ഇറാൻ പൊലീസിൻെറ സഹായത്തോടെയാവും ചോദ്യംചെയ്യൽ.  ഇസ്രായേൽ എംബസിയുടെ കാറിന് നേരെ നടന്ന ആക്രമണത്തിൽ  അഫ്ഷ൪ ഇറാനി, മസൂദ്, സയ്യിദ് അലി, മുഹമ്മദ് റാസ എന്നിങ്ങനെ നാല് ഇറാൻ പൗരന്മാ൪ക്ക് ബന്ധമുണ്ടെന്നാണ് ദൽഹി പൊലീസ് സ്പെഷൽ സെൽ സംശയിക്കുന്നത്.  സ്ഫോടന കേസിൽ ദൽഹി പൊലീസ് സ്പെഷൽ സെൽ ദൽഹി മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമ൪പ്പിച്ചു. അറസ്റ്റിലായ പത്രപ്രവ൪ത്തകൻ സയ്യിദ് മുഹമ്മദ് കാസിമി മുഖ്യആസൂത്രകനെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിസുരക്ഷാ മേഖലയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേൽ എംബസിയുടെ കാറിൽ സ്ഫോടകവസ്തു സ്ഥാപിച്ചത് ഇറാൻ പൗരനായ  അഫ്ഷ൪ ഇറാനിയാണെന്നും പൊലീസ് വിശദീകരിച്ചു.  സംഭവത്തിനുശേഷം ഇയാൾ മലേഷ്യയിലേക്ക് കടന്നു. മുഹമ്മദ് കാസിമിക്ക് ഇറാനിൽനിന്നും മറ്റും നിരവധി സന്ദേശങ്ങൾ വന്നിട്ടുണ്ട്. ഇതനുസരിച്ച് സ്ഫോടനത്തിനുവേണ്ട സഹായങ്ങൾ കാസിമി ചെയ്തുകൊടുക്കുകയും അതിന് പണംകൈപ്പറ്റുകയും ചെയ്തതായി പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.