നിരാഹാരം അവസാനിപ്പിക്കണമെന്ന നിര്‍ദേശം ഹസാരെ സംഘം തള്ളി

ന്യൂദൽഹി: നിരാഹാരം ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ദൽഹി പൊലീസ് അണ്ണാ സംഘത്തിന് കത്ത് നൽകി.
അരവിന്ദ് കെജ്രിവാൾ, ഗോപാൽ റായ്, മനീഷ് സിസോടിയ എന്നിവരുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ട൪മാ൪ റിപ്പോ൪ട്ട് നൽകിയതിനെ തുട൪ന്നാണിത്. മൂവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ട൪മാരുടെ നി൪ദേശം.
എന്നാൽ, പൊലീസ് നി൪ദേശം തള്ളിയ അണ്ണാസംഘം, ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഡോക്ട൪മാരുടെ മുന്നറിയിപ്പ്  നിഷേധിക്കുന്നതിലൂടെ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് സമരക്കാ൪തന്നെയാണ് ഉത്തരവാദികളെന്ന് കത്തിൽ പൊലീസ് വ്യക്തമാക്കി. സ൪ക്കാ൪ ഡോക്ട൪മാരെ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ അരവിന്ദ് കെജ്രിവാൾ തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ നിരാഹാരം തുടരുമെന്ന് പറഞ്ഞു.
അതിനിടെ, സമരപ്പന്തലിൽ പ്രകോപനപരമായ പ്രസംഗം പാടില്ലെന്ന് കാണിച്ച് മറ്റൊരു നോട്ടീസും പൊലീസ് അണ്ണാസംഘത്തിന് നൽകി. ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ പ്രകോപനപരമായ പരാമ൪ശങ്ങൾ ഒഴിവാക്കാൻ പ്രസംഗക൪ ശ്രദ്ധിക്കണമെന്നാണ് ദൽഹി പൊലീസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ അണ്ണാ അനുയായികൾ പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറയും മന്ത്രി ശരദ്പവാറിൻെറയും വീട്ടിലേക്ക് പ്രതിഷേധ മാ൪ച്ച് നടത്തിയ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയതെന്ന്  പൊലീസ് പറഞ്ഞു.
 അരവിന്ദ് കെജ്രിവാൾ, ഗോപാൽ റായ്, മനീഷ് സിസോടിയ എന്നിവരുടെ നിരാഹാരം ബുധനാഴ്ച എട്ടുദിവസം പിന്നിട്ടു. നാലു ദിവസമായി നിരാഹാരമിരിക്കുന്ന അണ്ണാ ഹസാരെയും ക്ഷീണിതനാണ്. പ്രമേഹരോഗികൂടിയായ കെജ്രിവാളിൻെറ നില മോശമാണെന്നാണ് ഡോക്ട൪മാരുടെ റിപ്പോ൪ട്ട്. ഇതേതുട൪ന്ന് സമരം അവസാനിപ്പിക്കാൻ ഹസാരെ തന്നെ അഭ്യ൪ഥിച്ചുവെങ്കിലും കെജ്രിവാൾ വഴങ്ങിയില്ല.
അണ്ണാ സംഘത്തിൻെറ സമരം ഒരാഴ്ച പിന്നിട്ടിട്ടും സ൪ക്കാ൪ ച൪ച്ചക്ക് തയാറായിട്ടില്ല. തണുപ്പൻ നയത്തിൽ പ്രതിഷേധിച്ച അണ്ണാ ഹസാരെ, ഇനി പ്രധാനമന്ത്രി നേരിട്ട് വിളിച്ചാൽപോലും ച൪ച്ചക്കില്ലെന്നും ജനലോക്പാൽ, 14 മന്ത്രിമാ൪ക്കെതിരെ അന്വേഷണം എന്നീ ആവശ്യങ്ങൾ അംഗീകരിക്കുംവരെ നിരാഹാരം തുടരുമെന്നും  വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.