ആണവകരാ൪ ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിച്ച വിജയത്തിനുശേഷം അമേരിക്ക അതിന്റെ സാമ്പത്തിക താൽപര്യങ്ങളും വിദേശനയവുമെല്ലാം ഇന്ത്യക്ക് വിൽക്കാൻ ശ്രമിക്കുകയാണ്. നമുക്കാകട്ടെ അവരുടെ സമ്മ൪ദങ്ങളെ ചെറുക്കാനാവുന്നുമില്ല. ചില്ലറ വിൽപനരംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാത്തതിന് പ്രസിഡന്റ് ഒബാമ വിമ൪ശിച്ചപ്പോൾപോലും നമ്മുടെ മറുപടി നന്നേ നേ൪ത്തതായിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പുറംപണിക്കരാറുകൾ അമേരിക്ക നിരോധിച്ചത് ചൂണ്ടിക്കാട്ടാൻപോലും നമുക്കായില്ല. ഗൾഫിൽവെച്ച് ഒരു ഇന്ത്യക്കാരനെ യു.എസ് നാവികസേനാ കപ്പലിൽനിന്ന് വെടിവെച്ചുകൊന്ന സംഭവത്തിലും കണ്ടു ഈ ദൗ൪ബല്യം. അമേരിക്കൻ പൗരനെ നമ്മുടെ നാവികരായിരുന്നു കൊന്നതെങ്കിലോ?
അമേരിക്കൻ കപ്പലുകൾ ഗൾഫ് സമുദ്രപ്രദേശത്ത് വന്നുകൂടുന്നതുതന്നെ യു.എന്നിനെ മാപ്പുസാക്ഷിയാക്കി അവ൪ നടത്തുന്ന സാമ്രാജ്യത്വ വികസനത്തിന്റെ ഭാഗമാണ്. ആണവായുധമുണ്ടാക്കുന്നുവെന്നു പറഞ്ഞ് ഇറാനെതിരെ തിരിഞ്ഞിട്ടുള്ള അമേരിക്കയും ഇസ്രായേലും ആണവായുധക്കൂമ്പാരങ്ങൾക്കു മുകളിലാണിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാൻ നമുക്കാവുന്നില്ല. യു.എന്നിൽ ഉപരോധവും യുദ്ധവുമെല്ലാം ച൪ച്ചക്ക് വരുമ്പോൾ നാം നിസ്സഹായരായി, വിനീതവിധേയരായി കഴിയുന്നു. ഇറാനിൽനിന്നുള്ള പ്രകൃതിവാതകം നമുക്കാവശ്യമായിരുന്നു. പക്ഷേ, അമേരിക്കയെ പേടിച്ച് നാം കരാറിൽനിന്ന് മാറി. ഇറാന്റെ ക്രൂഡോയിൽ നമുക്ക് അത്യാവശ്യമാണ്. പക്ഷേ, അമേരിക്കയുടെ നി൪ബന്ധംമൂലം അതു നാം നന്നേ കുറച്ചിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞ് ഇറാനെ അമേരിക്ക ആക്രമിച്ചാലോ? ഗൾഫ് മേഖലയിലെ 60 ലക്ഷം ഇന്ത്യക്കാ൪ക്കത് വൻ ഭീഷണിയാകും. യുദ്ധം വ്യാപിക്കുന്നതോടെ നമ്മുടെ സമ്പദ്വ്യവസ്ഥയും സാരമായി ക്ഷയിക്കും. ഒരാളായാലും 60 ലക്ഷം പേരായാലും ഇന്ത്യക്കാ൪ മുഴുവനായാലും ഇരയാകുന്നത് അമേരിക്കക്ക് പ്രശ്നമല്ല. നമ്മുടെ കാര്യം അവ൪ നോക്കേണ്ടതില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.