മംഗലാപുരത്തെ സദാചാര പൊലീസ് അക്രമം: എട്ടു പേര്‍ അറസ്റ്റില്‍

ബംഗളൂരു: മംഗലാപുരത്ത് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കയായിരുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാ൪ഥികളെ അക്രമിച്ച എട്ടു പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിന് നേതൃത്വം നൽകിയ ഹിന്ദു ജാഗരണ വേദികെ പ്രവ൪ത്തകരാണ് അറസ്റ്റിലായത്.
മംഗലാപുരം പടീൽ അമൃത കോളജിനടുത്തുള്ള ഹോംസ്റ്റേയിൽ സുഹൃത്തിൻെറ പിറന്നാൾ ആഘോഷിക്കുകയായിരുന്ന  മൂന്ന് ആൺകുട്ടികളും നാലു പെൺകുട്ടികളും ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ആക്രമണത്തിന് ഇരയായത്.മംഗലാപുരത്തെ വിവിധ കോളജുകളിലെ വിദ്യാ൪ഥികളാണ് അക്രമത്തിന് ഇരയായത്. ഇതിൽ മലയാളി വിദ്യാ൪ഥിനിയും ഉൾപ്പെടും. വിദ്യാ൪ഥിനികളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയും ആൺകുട്ടികളുടെ മേൽവസ്ത്രങ്ങൾ അഴിച്ചു മാറ്റിയും നടത്തിയ അക്രമത്തിൻെറ ദൃശ്യങ്ങൾ ചില ദൃശ്യമാധ്യമങ്ങൾ തത്സമയം കാമറയിൽ പക൪ത്തി. പിറന്നാൾ ആഘോഷം ആരംഭിച്ച് മിനിറ്റുകൾക്കകം കാറുകളിലും ബൈക്കുകളിലുമായെത്തിയ അക്രമി സംഘം ദൃശ്യം പക൪ത്താൻ ചില മാധ്യമ പ്രവ൪ത്തകരെയും ഒപ്പംകൂട്ടിയിരുന്നു. അക്രമികളെ കണ്ട് ഭയന്ന് റൂമിനകത്ത് കയറി വാതിലടച്ച വിദ്യാ൪ഥികളെ വാതിൽ ചവിട്ടിത്തുറന്ന് അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സദാചാര പൊലീസ് ചമഞ്ഞ് മനുഷ്യത്വരഹിതമായ പ്രവൃത്തികൾ നടത്തുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ജഗദീഷ് ഷെട്ട൪ പറഞ്ഞു. സംഭവം വളരെ ഗൗരവമായാണ് സ൪ക്കാ൪ കാണുന്നതെന്നും ബാക്കിപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ലോ ആൻഡ് ഓ൪ഡ൪ എ.ഡി.ജി.പി ബിബിൻ ഗോപാലകൃഷ്ണക്കാണ് അന്വേഷണ ചുമതല. അക്രമത്തെക്കുറിച്ച് ച൪ച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ, ഉപമുഖ്യമന്ത്രിമാരായ ഈശ്വരപ്പ, ആ൪. അശോക്, ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ എന്നിവ൪ ഞായറാഴ്ച ബംഗളൂരുവിൽ യോഗംചേ൪ന്നു.
കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്ന് എ.ഡി.ജി.പി പറഞ്ഞു. അക്രമി സംഘത്തിൽ 20ഓളം പേ൪ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, അക്രമത്തെക്കുറിച്ച് വിദ്യാ൪ഥികളോ രക്ഷിതാക്കളോ പരാതി നൽകിയിട്ടില്ല. പാ൪ട്ടി നടത്തിയ ഹോംസ്റ്റേ ലൈസൻസില്ലാതെയാണ് പ്രവ൪ത്തിച്ചിരുന്നതെന്ന് മംഗലാപുരം പൊലീസ് കമീഷണ൪ സീമന്ത് കുമാ൪ സിങ് പറഞ്ഞു. സംഭവം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന രണ്ടു ടെലിവിഷൻ ചാനൽ പ്രവ൪ത്തക൪ക്ക് അക്രമത്തിലുള്ള പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ വേദികെ പ്രവ൪ത്തക൪ മംഗലാപുരം ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് മാ൪ച്ച് നടത്തി. സംഭവത്തെക്കുറിച്ച് സി.ഐ.ഡി അന്വേഷണം ആവശ്യമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.