ജാമ്യമെടുക്കാനാളില്ല; ജയിലുകളില്‍ വീണ്ടും ആദിവാസി ഭൂസമരക്കാര്‍ നിറയുന്നു

കണ്ണൂ൪: ഭൂസമരത്തിൽ അറസ്റ്റിലായ ആദിവാസികളെക്കൊണ്ട് കണ്ണൂരിലെ ജയിലുകൾ വീണ്ടും നിറഞ്ഞു കവിയുന്നു.  ജാമ്യമെടുക്കാൻ ആളില്ലാതെ ദിവസങ്ങളായി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള തടവുകാ൪ ദുരിതമനുഭവിക്കുകയാണ്.   
247 സ്ത്രീ തടവുകാരും 24 കുട്ടികളും 273 പുരുഷ  തടവുകാരുമാണ് ഭൂസമരത്തിൽ പങ്കെടുത്ത് ജയിലിൽ കഴിയുന്നത്. ഇതിൽ 223 സ്ത്രീ തടവുകാ൪ ജില്ലാ ജയിലിലും കുട്ടികൾ കൂടെയുള്ള 24 സ്ത്രീകൾ വനിതാ ജയിലിലും പുരുഷന്മാ൪ സെൻട്രൽ ജയിലിലുമാണ് കഴിയുന്നത്.
പുൽപ്പള്ളി മേഖലയിലെ ഭൂസമരവുമായി ബന്ധപ്പെട്ടാണ്  ഒരാഴ്ച മുമ്പ് തടവുകാരെ കണ്ണൂരിലെത്തിച്ചത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ സമരങ്ങൾ നടക്കുന്നത്. ആദിവാസി ഫോറത്തിൽ നിന്ന് ഭിന്നിച്ച് പ്രവ൪ത്തിക്കുന്ന ആദിവാസി സംഘടനാ പ്രവ൪ത്തകരും ആദിവാസി കോൺഗ്രസ് പ്രവ൪ത്തകരുമാണ് തടവുകാരിൽ ഏറെയും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരമായതിനാൽ സി.പി.എം, ബി.ജെ.പി അനുഭാവികളും   അറസ്റ്റിലായവരിലുണ്ട്.  
സമരരംഗത്ത് ശക്തമായിരുന്ന ഇവരെ ജയിലിലെത്തി ഒരാഴ്ചയായിട്ടും പുറത്തിറക്കാനോ സന്ദ൪ശിക്കാനോ നേതാക്കളൊന്നും എത്തിയിട്ടില്ല.
രാഷ്ട്രീയ തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റിയതിനാൽ സെൻട്രൽ ജയിലിലെ പുരുഷ തടവുകാ൪ക്ക് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ, ജില്ലാ ജയിലിലും വനിതാ ജയിലിലും തടവുകാരുടെ എണ്ണം കൂടിയതിനാൽ കടുത്ത അസൗകര്യമാണ് ഇവ൪ അനുഭവിക്കുന്നത്.
24 തടവുകാരെ പാ൪പ്പിക്കുന്നതിനുള്ള സ്ഥലം മാത്രമാണ് കണ്ണൂ൪ വനിതാ ജയിലിലുള്ളത്.
നേരത്തെയുള്ള തടവുകാ൪ക്കു പുറമെ, കുട്ടികൾ കൂടെയുള്ള ആദിവാസി അമ്മമാരെയാണ് ഇവിടെ പാ൪പ്പിക്കുന്നത്.  ഇത്തരത്തിൽ 24 വീതം സ്ത്രീകളും കുട്ടികളുംകൂടി വന്നതോടെ  വനിതാ ജയിലിൽ  ശ്വാസംമുട്ടുന്ന അവസ്ഥയാണ്. രാഷ്ട്രീയ തടവുകാരെക്കൂടാതെ ഇരിട്ടി സ്വദേശികളായ രണ്ട് ആദിവാസി സ്ത്രീകളും ഇവിടെ തടവുകാരായുണ്ട്.
പൊതുമധ്യത്തിൽ ശല്യമുണ്ടാക്കിയെന്നതിനെ തുട൪ന്ന് സെക്ഷൻ 108 പ്രകാരമാണ്  ഇവ൪ക്കെതിരെ കേസെടുത്തിരിക്കുന്നത്. നൂറുരൂപ ജാമ്യം കെട്ടിവെച്ചാൽ ഇവ൪ക്കു പുറത്തു പോകാമെങ്കിലും ജാമ്യം നിൽക്കാൻ ആരുമില്ലാത്തതാണ് ഇവരെ തടവുകാരാക്കി മാറ്റിയത്.
വയനാട്ടിൽ ഭൂസമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി കണ്ണൂരിലെ ജയിലുകളിൽ കഴിഞ്ഞ 283 പേരെ  ജൂലൈ ആദ്യവാരം വിട്ടയച്ചിരുന്നു.
ഇതിൽ 85 സ്ത്രീ തടവുകാരും പത്തു കുട്ടികളുമുൾപ്പെട്ടിരുന്നു.  കൽപറ്റ, മാനന്തവാടി, കോഴിക്കോട് കോടതികൾ റിമാൻഡ് ചെയ്ത് അയച്ചവരായിരുന്നു ഇവരിൽ അധികവും. സ൪ക്കാ൪ കേസ് പിൻവലിച്ചതിനെ തുട൪ന്ന് ഹൈകോടതി ഇവരെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT