ഹോട്ടല്‍ ഭക്ഷണം കഴിച്ച മൂന്നുപേര്‍ ആശുപത്രിയില്‍

കഴക്കൂട്ടം: പോത്തൻകോട് വാവറയമ്പലത്തെ ഹോട്ടലിൽ നിന്ന് ആഹാരംകഴിച്ച മൂന്നുപേരെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 ഓടെ ഹോട്ടലിൽ നിന്ന് ബീഫ് കഴിച്ചിരുന്നതായി ആശുപത്രിയിലായവ൪ പറഞ്ഞു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂ൪ കഴിഞ്ഞപ്പോൾ ഛ൪ദി, തലകറക്കം, ദേഹാസ്വാസ്ഥ്യം, ശരീരവേദന എന്നിവ അനുഭവപ്പെട്ടതിനെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചിറയിൻകീഴ് പുതുക്കരി സ്വദേശി കലേഷ്, ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ശ്യാം എന്നിവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും വാവറയമ്പലം സ്വദേശി ശംഭുവിനെ പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെയിൻറിങ് തൊഴിലാളികളായിരുന്നു ഇവ൪. ഫുഡ് സേഫ്ടി കമീഷണറുടെ നി൪ദേശപ്രകാരം പ്രത്യേക സ്ക്വാഡ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ന്യൂ ദുബൈ ഹോട്ടലിൽ പരിശോധന നടത്തിയ സംഘം രാവിലെയും ഉച്ചക്കും പാചകം ചെയ്ത പോത്തിറച്ചി, എണ്ണ എന്നിവയുടെ സാമ്പിൾ ശേഖരിച്ചു. ഫുഡ് സേഫ്ടി സ്പെഷൽ ഓഫിസ൪ ഗോപിനാഥൻ നായ൪, ഫുഡ് സേഫ്റ്റി ഓഫിസ൪മാരായ ദിലീപ്, ജോൺ വിജയൻ, വിനോദ് എന്നിവ൪ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.