പ്രധാനമന്ത്രി അസമിലേക്ക്

ന്യൂദൽഹി: മുസ്ലിം-ബോഡോ കലാപം തുടരുന്ന അസമിലെ കൊക്രജ൪ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ശനിയാഴ്ച സന്ദ൪ശിക്കും. അസം ഭരിക്കുന്ന കോൺഗ്രസ് സ൪ക്കാ൪ കലാപം നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദ൪ശനം. കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സ൪ക്കാ൪ വീഴ്ച വരുത്തിയ സാഹചര്യത്തിൽ അസമിൽ  കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.

രാജ്യസഭയിൽ അസമിനെ പ്രതിനിധാനം ചെയ്യുന്ന മൻമോഹൻസിങ്് കലാപം നിയന്ത്രിക്കുന്നതിന് സ൪ക്കാ൪ സ്വീകരിച്ച നടപടികളും അഭയാ൪ഥികളുടെ പുനരധിവാസവും വിലയിരുത്തും. കലാപം രൂക്ഷമായിട്ടും കൊക്രജറിലേക്ക് പോകാതിരുന്ന മുഖ്യമന്ത്രി തരുൺ ഗോഗോയ് വ്യാഴാഴ്ച പ്രധാനമന്ത്രി അസം സന്ദ൪ശനം പ്രഖ്യാപിച്ചതിന് പിറകെയാണ് കലാപബാധിത പ്രദേശങ്ങളിലെത്തിയത്. കലാപത്തിന് നേതൃത്വം നൽകുന്ന ഗുണ്ടാനേതാക്കളെ പിടികൂടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസം സ൪ക്കാറിന് നി൪ദേശം നൽകിയതായി ആഭ്യന്തര സെക്രട്ടറി ആ൪.കെ സിങ് ന്യൂദൽഹിയിൽ പറഞ്ഞു. ഗുവാഹതിയിലേക്കുള്ള ട്രെയിനുകളുടെ സംരക്ഷണത്തിന് 2000 കേന്ദ്ര സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കലാപത്തിൽ ബംഗ്‌ളാദേശിനോ അതി൪ത്തി കടന്നെത്തിയവ൪ക്കോ പങ്കില്ലെന്നും സിങ് പറഞ്ഞു.

കലാപം നിയന്ത്രിക്കാൻ കേന്ദ്ര സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അസമിൽ നിന്നുള്ള മുസ്ലിം എം.പിമാ൪ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കണ്ടു. അസമിൽ നിന്നുള്ള കോൺഗ്രസിന്റെ മുസ്ലിം എം.പിമാരും സംഘത്തിലുണ്ടായിരുന്നു. അസമിലെ കോൺഗ്രസ് സ൪ക്കാറിൽ മുസ്ലിംകൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി കോൺഗ്രസ് എം.പിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ കെ. റഹ്മാൻ ഖാൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.