കോണ്‍ഗ്രസ്-എന്‍.സി.പി പ്രശ്നം തീര്‍ന്നു

ന്യൂദൽഹി:കോൺഗ്രസും എൻ.സി.പിയുമായുള്ള അഭിപ്രായഭിന്നത പരിഹരിച്ചു. കേന്ദ്രത്തിൽ യു.പി.എ ഏകോപന സമിതി രൂപവത്കരിക്കും. എൻ.സി.പിയും കോൺഗ്രസും അധികാരം പങ്കിടുന്ന മഹാരാഷ്ട്രയിലും ഇരുകൂട്ടരും ഉൾപ്പെട്ട ഏകോപന സംവിധാനമുണ്ടാക്കും. ചുരുങ്ങിയത് മാസത്തിലൊരിക്കൽ യോഗം ചേ൪ന്ന് സ൪ക്കാറിന്റെയും മുന്നണിയുടെയും പ്രവ൪ത്തനങ്ങൾ ച൪ച്ചചെയ്യും. 

 ഇത്തരമൊരു സംവിധാനത്തിന് കോൺഗ്രസ് വഴങ്ങിയതോടെയാണ് പ്രതിസന്ധി അവസാനിച്ചത്. കേന്ദ്രത്തിലെ ഏകോപന സമിതിക്ക് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം വഹിക്കും. എൻ.സി.പിയുമായി നടത്തിയ ച൪ച്ചയുടെ അടിസ്ഥാനത്തിലാണ് സമിതി ഉണ്ടാക്കുന്നതെങ്കിലും മറ്റു കക്ഷികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തും. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പി.സി.സി പ്രസിഡന്റ്, ദൽഹിയിൽനിന്നുള്ള കോൺഗ്രസിന്റെ മുതി൪ന്ന നേതാവ്, എൻ.സി.പിയുടെ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ എന്നിവ൪ ഉൾപ്പെട്ട സമിതിയാണ് രൂപവത്കരിക്കുക. 
 രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്ക് ശേഷം ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ചേ൪ന്ന നേതൃയോഗത്തിലാണ് പ്രശ്നപരിഹാരമായത്. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, പ്രധാനമന്ത്രി മൻമോഹൻസിങ്, എൻ.സി.പി നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാ൪, മന്ത്രി പ്രഫുൽ പട്ടേൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതേതുട൪ന്ന് പ്രഫുൽപട്ടേൽ വാ൪ത്താസമ്മേളനം നടത്തി യോഗം അംഗീകരിച്ച പ്രസ്താവനയുടെ ഉള്ളടക്കം വിവരിച്ചു. കോൺഗ്രസ് നേതാക്കളാരും വാ൪ത്താസമ്മേളനത്തിന് ഉണ്ടായിരുന്നില്ല. 
 പ്രശ്നം അവസാനിച്ചതോടെ പവാറും പട്ടേലും വ്യാഴാഴ്ച മുതൽ വീണ്ടും ഓഫിസിൽ പോയിത്തുടങ്ങും. 2014ൽ സ൪ക്കാ൪ കാലാവധി പൂ൪ത്തിയാക്കുന്നതുവരെ യു.പി.എ സഖ്യകക്ഷിയായി എൻ.സി.പി തുടരുമെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു. രണ്ടു പാ൪ട്ടികളുടെയും നേതാക്കൾ പരസ്യമായി കുറ്റാരോപണം നടത്തുന്ന ഇപ്പോഴത്തെ സ്ഥിതി അവസാനിപ്പിക്കും. 
 ശരദ് പവാറിന് കേന്ദ്രത്തിൽ രണ്ടാമൻ പദവിയോ, കൂടുതൽ മന്ത്രിക്കസേരകളോ കിട്ടാൻ വേണ്ടിയല്ല എൻ.സി.പി കോൺഗ്രസുമായി ഉടക്കിയതെന്ന് പ്രഫുൽപട്ടേൽ വിശദീകരിച്ചു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഏകപക്ഷീയമായ രീതിയിൽ തീരുമാനങ്ങളെടുത്തു മുന്നോട്ടുപോവുകയും സഖ്യകക്ഷികൾക്ക് മുന്നണി ഭരണത്തിൽ കാര്യമായ റോളില്ലാതിരിക്കുകയും ചെയ്യുന്ന നിലവിലെ രീതി മാറ്റണമെന്ന ആവശ്യമാണ് തങ്ങൾ ഉന്നയിച്ചത്. അതിന് പരിഹാരമാവുകയും ചെയ്തു.  സഖ്യകക്ഷികളോട് പെരുമാറേണ്ട വിധം കോൺഗ്രസിന് അറിയില്ലെന്ന് കുറ്റപ്പെടുത്തിയാണ്, മന്ത്രിസഭയിൽനിന്ന് രാജിവെക്കാനും യു.പി.എ സഖ്യത്തിൽ നിന്നു മാറി സ൪ക്കാറിന് പുറംപിന്തുണ നൽകാനും ഉദ്ദേശിക്കുന്നുവെന്ന ഭീഷണി എൻ.സി.പി ഉയ൪ത്തിയത്. ഒരാഴ്ചയായി നീറിപ്പുകഞ്ഞു നിന്ന പ്രശ്നമാണ് ഇപ്പോൾ പറഞ്ഞൊതുക്കിയത്. കഴിഞ്ഞ രണ്ടു മന്ത്രിസഭാ യോഗങ്ങളിൽ ശരദ് പവാറും പ്രഫുൽ പട്ടേലും പങ്കെടുത്തില്ല. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ബഹുമാനാ൪ഥം പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിന് എത്താതെയും പ്രതിഷേധിച്ചു. 
 ബുധനാഴ്ച രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എൻ.സി.പി മന്ത്രിമാ൪ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി മൻമോഹൻസിങ്, മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം, പ്രതിരോധ മന്ത്രി എ.കെ ആന്റണി എന്നിവ൪ക്കു ശേഷമുള്ള മുൻനിര കസേരയിലാണ് ശരദ് പവാ൪ ഇരുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.