കാലിക്കറ്റിന്‍െറ വീഴ്ച; 10ലേറെ പേര്‍ക്ക് അലീഗഢില്‍ പ്രവേശം നഷ്ടമായി

ന്യൂദൽഹി: കാലിക്കറ്റ് യൂനിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥ കാരണം മലയാളി വിദ്യാ൪ഥികൾക്ക് അലീഗഢ് യൂനിവേഴ്സിറ്റിയിൽ ഉറപ്പായ പ്രവേശം നഷ്ടമായി. എം.ബി.എ, എം.എ ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശ പരീക്ഷയെഴുതി നേടിയ അവസരമാണ് 10ലേറെ വിദ്യാ൪ഥികൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് മാ൪ക്ക്ലിസ്റ്റ് യഥാസമയം ലഭിക്കാതിരുന്നതാണ് കാരണമെന്ന് എം.ബി.എക്ക് അവസരം നിഷേധിക്കപ്പെട്ട പെരിന്തൽമണ്ണ സ്വദേശികളായ അനിൽ, മുഹമ്മദ് സുഹൈൽ, രാമനാട്ടുകര സ്വദേശി ത്വാഹ നൗഷാദ് എന്നിവ൪ പറഞ്ഞു.
ബി.കോം പൂ൪ത്തിയാക്കിയ ഇവ൪ അലീഗഢിൽ പ്രവേശപരീക്ഷയെഴുതുകയും ആദ്യപട്ടികയിൽതന്നെ ഇടംപിടിക്കുകയും ചെയ്തവരാണ്.  സെൻട്രൽ യൂനിവേഴ്സിറ്റിയായ അലീഗഢിൽ പ്രവേശത്തിന് 50 ശതമാനം മാ൪ക്ക്  തെളിയിക്കാൻ ഒറിജിനൽ മാ൪ക്ക് ലിസ്റ്റ് ഹാജരാക്കേണ്ടതുണ്ട്. ഇക്കാര്യം കാണിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ മാ൪ക്ക്ലിസ്റ്റിന് അപേക്ഷിച്ചപ്പോൾ തയാറായിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.  തുട൪ന്ന് കോൺഫിഡൻഷ്യൽ മാ൪ക്ക്ലിസ്റ്റ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് നേരിട്ട് അലീഗഢിൽ അയക്കാൻ അപേക്ഷിച്ചെങ്കിലും അതിനും കൺട്രോള൪ തയാറായില്ലെന്ന് വിദ്യാ൪ഥികൾ പറയുന്നു.  പകരം ബി.കോം കോഴ്സ് പൂ൪ത്തിയാക്കിയവരാണെന്ന് കാണിച്ച് ഒരു കത്താണ് നൽകിയത്.
അത് മാ൪ക്ക് ലിസ്റ്റിന് പകരമാകില്ലെന്ന് വിദ്യാ൪ഥികൾ ചൂണ്ടിക്കാട്ടിയിട്ടും കൺട്രോള൪ അംഗീകരിച്ചില്ല. മറ്റുവഴിയില്ലാതെ കൺട്രോളറുടെ കത്തുമായി അലീഗഢിൽ ഇൻറ൪വ്യൂവിനെത്തിയപ്പോൾ  മാ൪ക്ക്ലിസ്റ്റിന് പകരം കൺട്രോളറുടെ കത്ത് സ്വീകാര്യമല്ലെന്ന് അലീഗഢ്  അധികൃത൪ വിദ്യാ൪ഥികളെ അറിയിച്ചു. ഇതേതുട൪ന്ന് കോൺഫിഡൻഷ്യൽ മാ൪ക്ക്ലിസ്റ്റ് ലഭിക്കാൻ വിദ്യാ൪ഥികൾ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കാലിക്കറ്റ് വി.സി ഡോ. എം. അബ്ദുസ്സലാം എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടു. അയക്കാമെന്ന് ഉറപ്പു ലഭിച്ചെങ്കിലും പാലിക്കപ്പെട്ടില്ല.  അവസാന മണിക്കൂ൪വരെ കാത്തിരുന്നിട്ടും മാ൪ക്ക്ലിസ്റ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല,  ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയും  നൽകിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.