കോടനാട് ആനക്കളരിയില്‍ ഇടഞ്ഞ കൊമ്പനെ 30 മണിക്കൂറിനുശേഷം കീഴടക്കി

പെരുമ്പാവൂ൪: കോടനാട് ആനക്കളരിയിൽ ഇടഞ്ഞ കൊമ്പനെ മുപ്പതുമണിക്കൂറിനു ശേഷം കീഴടക്കി. ഹരിപ്രസാദ് എന്ന ആനയാണ് ഇടഞ്ഞ് കാട്ടിലൊളിച്ചും പുഴയിൽ നീന്തിനടന്നും വനപാലകരെ മുൾമുനയിൽ നി൪ത്തിയത്.  തിങ്കളാഴ്ച വൈകുന്നേരം ആറോടെ  ആനയെ വടംകെട്ടി വലിച്ച് കരക്കെത്തിച്ചു.
  ഞായറാഴ്ച ഉച്ചക്ക് പെരിയാറിലെ കോലക്കാട്ട് കടവിൽ കുളിപ്പിക്കുന്നതിനിടെ പാപ്പാന്മാരെ വിരട്ടിയോടിച്ച് ആന പുഴ നീന്തിക്കടന്ന് ആറാട്ടുകടവുവഴി മലയാറ്റൂ൪ വനത്തിൽ കടന്നു. ഇല്ലിത്തോട് ചെക്പോസ്റ്റിന് സമീപം ഇല്ലിക്കാടുകൾക്കുള്ളിൽ ആനയെ കണ്ടെത്തിയെങ്കിലും രാത്രി  തളയ്ക്കാനായില്ല.  മയക്കുവെടി വെച്ച് തളയ്ക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. രാത്രി വനപാലകരുടെ നിരീക്ഷണത്തിലിരുന്ന ആന തിങ്കളാഴ്ച അതിരാവിലെ പുഴയിലിറങ്ങി തിരികെ നീന്തി കോടനാട് കപ്രിക്കാട് കടവിലെത്തിയെങ്കിലും കരക്കുകയറിയില്ല.   കപ്രിക്കാട് മംഗള എസ്റ്റേറ്റിന് സമീപം പാറകൾക്കിടയിൽ കാലിലെ ചങ്ങല കുരുങ്ങിയതാണ് കാരണം.  
വെള്ളത്തിൽ  നിന്ന ആനയെ പാപ്പാന്മാ൪ വള്ളത്തിലെത്തി തളയ്ക്കാൻ ശ്രമിച്ചെങ്കിലും തുമ്പിക്കൈ വീശിയും ചിന്നം വിളിച്ചും എതി൪പ്പ് പ്രകടിപ്പിച്ചതോടെ പിന്മാറി. വെള്ളത്തിലായതിനാൽ മയക്കുവെടി വെക്കാനുമാകുമായിരുന്നില്ല. വൈകുന്നേരത്തോടെ അവശനായ ആനയെ പാപ്പാന്മാരും വനപാലകരും ചേ൪ന്ന് വടംകെട്ടി വലിച്ചതോടെ ചങ്ങലക്കുരുക്ക് മാറി കരക്കെത്തി. ആനയെ മയക്കുവെടിവെച്ച് മംഗള എസ്റ്റേറ്റിൽ തന്നെ തളച്ചു.
30 വയസ്സുള്ള ആനയെ പാലക്കാട് ആലത്തൂരിൽ നിന്ന് മൂന്നുമാസം മുമ്പാണ് കോടനാട്ട് കൊണ്ടുവന്നത്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഉടമയിൽനിന്ന് ആനയെ വനപാലക൪ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, കോടതി നി൪ദേശപ്രകാരം സംരക്ഷണത്തിന് കോടനാട് കൊണ്ടുവരികയായിരുന്നു.  ഉടമയിൽ നിന്ന് പിരിഞ്ഞശേഷം കളരിയിലെ പാപ്പാന്മാരുമായി സഹകരണമില്ലാതെയാണ്  ആന പെരുമാറിയിരുന്നതത്രേ.
ആനക്ക് ഡോക്ട൪മാരായ എബ്രഹാം തരകൻ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി  നിരീക്ഷിച്ചുവരികയാണ്. ഡി.എഫ്.ഒ എൻ.നാഗരാജ്, റേഞ്ചോഫിസ൪ സനിൽ എന്നിവരുടെ നേതൃത്വത്തിൽ ആന സ്ക്വാഡും ഫയ൪ഫോഴ്സും കോടനാട് പൊലീസും അടക്കം വൻസന്നാഹം സ്ഥലത്തെ ത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.