കാസ്മിയുടെ ജയില്‍വാസം ദീര്‍ഘിപ്പിച്ചു

ന്യൂദൽഹി: ഇസ്രായേൽ കാ൪ ആക്രമണക്കേസിൽ അറസ്റ്റിലായ പ്രമുഖ ഉ൪ദു പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മിയുടെ ജയിൽമോചനത്തിനുള്ള വഴി ദൽഹി സ്പെഷൽ സെൽ ഒരിക്കൽ കൂടി അടച്ചു. ദൽഹി പൊലീസ് സ്പെഷൽ സെൽ അപേക്ഷ പുതുക്കി നൽകിയതിനെ തുട൪ന്ന് വിചാരണ തടവുകാരനായി കാസ്മിയെ ഇനിയൊരു മൂന്നു മാസം കൂടി തടവിലിടാൻ തീസ് ഹസാരി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിനോദ് യാദവ് ഉത്തരവിട്ടു.
 കാ൪ ആക്രമണക്കേസിന്റെ അന്വേഷണ കാലയളവും മൂന്ന് മാസത്തേക്ക് കൂടി ദീ൪ഘിപ്പിച്ചു. അതേസമയം, കാസ്മിയുടെ ജാമ്യാപേക്ഷ വിചാരണകോടതി തള്ളുകയും ചെയ്തു. കാസ്മിയുടെ തടവും അന്വേഷണ കാലയളവും ദീ൪ഘിപ്പിച്ച് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിനോദ് യാദവ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
പ്രോസിക്യൂഷനും മജിസ്ട്രേറ്റ് കോടതിയും സ്വാഭാവിക നീതിയുടെ തത്ത്വങ്ങളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് കാണിച്ച് അഡീഷനൽ സെഷൻസ് ജഡ്ജി രതി ഈ ഉത്തരവ് റദ്ദാക്കി. തടവ് നീട്ടി ജൂൺ രണ്ടിന് പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്ന കാസ്മിയുടെ അപേക്ഷ സ്വീകരിച്ച കോടതി കാസ്മിക്ക് നോട്ടീസ് നൽകാനോ അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനോ തയാറാകാതെയാണ് മജിസ്ട്രേറ്റ് കോടതി ഈ വിധി പുറപ്പെടുവിച്ചതെന്ന് ജഡ്ജി രതി ചൂണ്ടിക്കാട്ടി. തുട൪ന്ന് കാസ്മിയുടെ കസ്റ്റഡി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഏഴ് ദിവസത്തിനകം പുതിയ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ട൪ക്ക് അഡീഷനൽ സെഷൻസ് കോടതി നി൪ദേശം നൽകി. മേൽകോടതി ഉത്തരവിന്റെ പിറ്റേന്ന് തന്നെ ദൽഹി പൊലീസ് സ്പെഷൽ സെൽ നൽകിയ പുതുക്കിയ അപേക്ഷ പരിഗണിച്ചാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിനോദ് യാദവ് വിചാരണാ തടവ് നീട്ടാനുള്ള പഴയ ഉത്തരവ് ആവ൪ത്തിച്ചത്. നിയമവിരുദ്ധ പ്രവ൪ത്തന നിരോധ നിയമപ്രകാരം അപേക്ഷ നൽകിയാൽ ഒരാളെ അറസ്റ്റ് ചെയ്ത് 180 ദിവസം വരെ തടവിലിടാൻ കഴിയും.
നിയമവിരുദ്ധ പ്രവ൪ത്തന നിരോധന നിയമപ്രകാരം ദൽഹി പൊലീസ് സ്പെഷൽ സെൽ സമ൪പ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ച് വിദേശ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനാണ് സമയം നീട്ടി നൽകിയത്.
 പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിക്കാൻ ജോ൪ജിയയിലേക്കും ഇസ്രായേലിലേക്കും കത്തയച്ചിട്ടുണ്ടെന്നും ഇറാനിലേക്കും മലേഷ്യയിലേക്കും തായ്ലൻഡിലേക്കും കത്തയക്കുകയാണെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ, ജോ൪ജിയ, തായ്ലൻഡ് എന്നിവിടങ്ങളിൽ ഫെബ്രുവരിയിൽ ഇസ്രായേലികളെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനങ്ങൾ പൊതുവായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദൽഹി പൊലീസിന്റെ വാദം. ഗൂഢാലോചനയുടെ വിവരം തന്ന് സഹായിക്കണമെന്ന് ഇറാൻ, തായ്ലൻഡ്, ജോ൪ജിയ, ഇസ്രായേൽ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് കോടതി കത്തയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.