ന്യൂദൽഹി: മുല്ലപ്പെരിയാ൪ അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതി വിലയിരുത്തലിനെതിരെ സുപ്രീംകോടതിയിൽ വാദിക്കാൻ കേരളം തീരുമാനിച്ചു. സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ നിലപാടിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന് കോടതിയിൽ വാദിക്കുമെന്നും ജലവിഭവമന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി.
സുപ്രീംകോടതിയിലെ മുതി൪ന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുമായി പി.ജെ. ജോസഫും മുല്ലപ്പെരിയാ൪ സെൽ അംഗങ്ങളും നടത്തിയ ച൪ച്ചക്കു ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച വസ്തുതകൾപോലും തെറ്റിച്ച ജസ്റ്റിസ് തോമസിന്റെ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അക്കാര്യം സംസ്ഥാനത്തിന് കോടതിയിൽ സമ൪ഥിക്കാനാകുമെന്നും ജോസഫ് പറഞ്ഞു.
ദൽഹി, റൂ൪ക്കി ഐ.ഐ.ടികളുടെ പഠനങ്ങളുടെ ആധികാരികത കേന്ദ്ര ജല കമീഷൻ നടത്തിയ പഠനങ്ങൾക്കില്ലെന്നും കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉന്നതാധികാര സമിതി ഈ വാദങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും കോടതിയെ ബോധിപ്പിക്കും. വെള്ളപ്പൊക്കം മൂലം അണക്കെട്ട് തകരാൻ ഇടയുണ്ടെന്ന് പഠനത്തിലൂടെ കണ്ടെത്തിയ ദൽഹി ഐ.ഐ.ടിയിലെ ഡോ. എ.കെ. ഗൊസൈനെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാലു തവണ വിസ്തരിച്ചിട്ടും തമിഴ്നാടിന് ഖണ്ഡിക്കാൻ കഴിയാതിരുന്നത് ഉന്നതാധികാര സമിതി തള്ളിക്കളഞ്ഞതും കേരളം ഉന്നയിക്കും.തങ്ങളുടെ റിപ്പോ൪ട്ട് തള്ളിക്കളയാൻ സമിതി കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് ഡോ. ഗൊസൈനും ചൊവ്വാഴ്ച വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാ൪ മേഖലയെന്നു കണ്ടെത്തിയ റൂ൪ക്കി ഐ.ഐ.ടിയിലെ ഡോ. ഡി.കെ. പോളിനെ കോടതിയിൽ വിസ്തരിപ്പിക്കാനും കേരളം ശ്രമിക്കുന്നുണ്ട്. ഇതിനായി മന്ത്രിയും സംഘവും അദ്ദേഹവുമായി ചൊവ്വാഴ്ച ച൪ച്ച നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.