മോഡിപ്രഭാവത്തിന് ഉലച്ചില്‍

അഹ്മദാബാദ്: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാട്ടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വന്തം തട്ടകത്തിൽ നേരിടുന്നത് ഗുരുതരമായ പ്രശ്നങ്ങൾ. ഡിസംബറിനുശേഷം എപ്പോൾ വേണമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാമെന്നിരിക്കെ പാ൪ട്ടിയിൽ കലാപക്കൊടി ഉയ൪ന്നു. കഴിഞ്ഞ 10 വ൪ഷത്തെ മോഡിഭരണത്തിൽ ഒതുക്കപ്പെട്ട ബി.ജെ.പി നേതാക്കൾ മുൻ മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ നേതൃത്വത്തിൽ  സംഘടിക്കുകയാണ്. മോഡിയെ നിലംപരിശാക്കുന്നതിൽനിന്ന് ഇനി തന്നെയാ൪ക്കും പിന്മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലാണ് 84കാരനായ കേശുഭായി.
ഗുജറാത്തിലെ ജനങ്ങൾ മോഡിഭരണത്തിനു കീഴിൽ ഭയപ്പാടിലാണ് കഴിയുന്നതെന്ന് രണ്ടുമാസമായി ഒട്ടേറെ പൊതുപരിപാടികളിൽ ഇദ്ദേഹം തുറന്നടിക്കുന്നു. മോഡിയെ മാറ്റണമെന്ന ആവശ്യവുമായി സീനിയ൪ നേതാക്കളായ എൽ.കെ. അദ്വാനി, സുഷമ സ്വരാജ്, മുരളി മനോഹ൪ ജോഷി, രാജ്നാഥ് സിങ് എന്നിവരെ ഇദ്ദേഹം സമീപിച്ചെങ്കിലും ഉറപ്പൊന്നും ലഭിച്ചില്ല. ദേശീയതലത്തിൽ പാ൪ട്ടിക്ക് ഫണ്ട് സ്വരൂപിക്കുന്നതിൽ പ്രധാനിയാണ് മോഡി.
പൊതുപരിപാടികളിൽ മോഡിക്കെതിരെ പ്രചാരണം നടത്തുന്നതുവഴി പാ൪ട്ടിവിരുദ്ധ പ്രവ൪ത്തനം നടത്തുന്ന കേശുഭായിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന, ദേശീയ നേതാക്കൾ തയാറായിട്ടില്ല. സംസ്ഥാന ജനസംഖ്യയിൽ 15 ശതമാനം വരുന്ന പട്ടേൽ സമുദായത്തിൽ കേശുഭായിക്കുള്ള സ്വാധീനമാണ് കാരണം. കൃഷി, ബിസിനസ്, വ്യവസായം എന്നിവയിൽ മേധാവിത്വമുള്ള പട്ടേൽ സമുദായം ഗുജറാത്തിൽ ബി.ജെ.പിയുടെ നട്ടെല്ലാണ്.
2007 നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാ൪ട്ടി വിട്ട മുൻ മന്ത്രി ഗോ൪ദാൻ സദാഫിയ രൂപവത്കരിച്ച മഹാഗുജറാത്ത് ജനതാ പാ൪ട്ടിയുടെ (എം.ജെ.പി) വേദികളാണ് മോഡിവിരുദ്ധ പ്രചാരണത്തിന് കേശുഭായി ഉപയോഗിക്കുന്നത്. ആഗസ്റ്റ് ആദ്യവാരം കേശുഭായി എം.ജെ.പിയിൽ ചേരുമെന്ന് സദാഫിയ അവകാശപ്പെടുന്നു. മോഡിവിരുദ്ധരായ മുൻ മുഖ്യമന്ത്രി സുരേഷ് മേഹ്ത, മുൻ എം.പിമാരായ കാൻഷിറാം റാണ, ഡോ. എ.കെ. പട്ടേൽ എന്നിവരും കേശുഭായിക്കൊപ്പം കൈകോ൪ക്കുന്നു.
ആ൪.എസ്.എസ് നേതൃത്വത്തിൽനിന്ന് അടുത്തിടെ പുറത്തുപോയ സഞ്ജയ് ജോഷിയുടെ സ്വാധീനവും മോഡിക്ക് തലവേദനയാണ്. ഇദ്ദേഹത്തിന്റെ പുറത്താകൽ സംസ്ഥാനത്തെ ആ൪.എസ്.എസിൽ ഉലച്ചിൽ വരുത്തിയിരുന്നു. സംസ്ഥാന ആ൪.എസ്.എസ് മേധാവി ഭാസ്ക൪ റാവു ഡാംലെ കേശുഭായിയുടെ യോഗങ്ങളിൽ പതിവായി പങ്കെടുത്തത് മോഡിക്ക് മാതൃസംഘടനയുടെ പിന്തുണ ഇല്ലെന്നതിന് തെളിവാണ്. എന്നാൽ, ആ൪.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽനിന്നുള്ള ഇടപെടലിനെ തുട൪ന്ന് ഡാംലെയും മറ്റും പിന്തിരിഞ്ഞിട്ടുണ്ട്. വി.എച്ച്.പിയും ആ൪.എസ്.എസ് അനുകൂല ഭാരതീയ കിസാൻ സംഘും മോഡിവിരുദ്ധ പക്ഷത്താണ്.
അഹി൪ സമുദായക്കാരനായ ബി.ജെ.പി എം.എൽ.എ ഡോ. കാനുഭായ് കൽസാരിയ നി൪മ സിമന്റ് ഫാക്ടറിക്ക് ഭൂമി ഏറ്റെടുക്കലിനെ ചൊല്ലി മോഡിയുമായി ഉടക്കിയത് തീരദേശ മഹുവാ താലൂക്കിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് ഏറെ നഷ്ടം വരുത്തി. കൽസാരിയ നി൪ത്തിയ വിമത ബി.ജെ.പി സ്ഥാനാ൪ഥികൾ ഇവിടെ ജയിച്ചുകയറി. ഇതോടെ, വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കലിനെ ചൊല്ലി ഒട്ടേറെ സ്ഥലങ്ങളിൽ പ്രക്ഷോഭം ഉയ൪ന്നിട്ടുണ്ട്.
ഭാവ്നഗറിൽ ആണവോ൪ജ പ്ലാന്റ് വിരുദ്ധ പ്രക്ഷോഭം ഇതിലൊന്നാണ്. സംസ്ഥാന മന്ത്രിമാരായ പുരുഷോത്തം സോളങ്കി, ദിലീപ് സംഘാനി, ആനന്ദിബെൻ പട്ടേൽ എന്നിവ൪ക്കെതിരെ ഉയ൪ന്ന അഴിമതി ആരോപണങ്ങളും മോഡിക്ക് കളങ്കമാണ്. മോഡി ഭരണത്തിൻ കീഴിൽ നഗരജനതക്കുള്ള സംതൃപ്തി ഗ്രാമീണജനതക്ക് അന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.