ഭരത്ഭൂഷണ്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്ന് പുറത്ത്

ന്യൂദൽഹി: വ്യോമയാന ഡയറക്ട൪ ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടയിൽ ഇ.കെ. ഭരത്ഭൂഷൺ വ്യോമയാന മന്ത്രാലയത്തിൽനിന്നുതന്നെ പുറത്ത്. വ്യോമയാന മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേശകനുമായ അദ്ദേഹത്തെ ഉരുക്കു മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. വ്യോമയാന മന്ത്രി അജിത് സിങ്ങിന്റെ അപ്രിയമാണ് പുതിയ തീരുമാനത്തിനു പിന്നിൽ.
 കിങ്ഫിഷറിനെതിരായ നടപടി, പഴയ വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിബന്ധനകൾ ഇളവ് ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ സമ്മ൪ദങ്ങൾക്ക് വഴങ്ങാത്തതാണ് ഭരത്ഭൂഷണെതിരായ നീക്കത്തിന് പിന്നിലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സ൪വീസുകൾ താറുമാറാവുകയും ചെയ്ത കിങ്ഫിഷ൪ എയ൪ലൈൻസിന്റെ ലൈസൻസ് റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ഭരത്ഭൂഷൺ.  ഏതാനും ദിവസം മുമ്പ് ഇതുസംബന്ധിച്ച കുറിപ്പും അദ്ദേഹം തയാറാക്കിയിരുന്നു. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലാണ് കിങ്ഫിഷ൪. ഇറക്കുമതിചെയ്യുന്ന ചെറുവിമാനങ്ങളുടെ പഴക്കം 15 വ൪ഷം എന്നത് 25 വ൪ഷമായി ഉയ൪ത്തണമെന്ന  ചില വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തിന്  മന്ത്രി അജിത് സിങ് അംഗീകാരം നൽകിയിരുന്നു. എന്നാൽ, 15 വ൪ഷത്തിൽ കൂടുതൽ പഴക്കമുള്ള വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നത്  സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരത്ഭൂഷൺ എതി൪ത്തു.
 വ്യോമയാന ഡയറക്ട൪ സ്ഥാനത്തുനിന്ന് ഭരത്ഭൂഷൺ രായ്ക്കുരാമാനം തെറിക്കാനുള്ള രണ്ടു പ്രധാനകാരണം ഇവയാണെന്നാണ് സൂചന.
അതേസമയം, ഭരത്ഭൂഷണെ മാറ്റിയതിന് ഏതെങ്കിലും വിമാനക്കമ്പനിയുമായി ബന്ധമില്ലെന്നും പതിവുനടപടി മാത്രമാണെന്നുമാണ് വ്യോമയാനമന്ത്രി അജിത് സിങ് വിശദീകരിച്ചത്. കാലാവധി 2012 ഡിസംബ൪ വരെ നീട്ടാൻ മന്ത്രിസഭാ സമിതി തീരുമാനിച്ച്  ഒരാഴ്ച തികയുമ്പോഴാണ് വ്യോമയാന ഡയറക്ട൪ ജനറൽ സ്ഥാനത്തുനിന്ന്  ഭരത്ഭൂഷണെ മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.