2ജി പുനര്‍ലേലത്തിന് പുതിയ സമയക്രമം; പ്രധാന വിഷയങ്ങളില്‍ തീരുമാനം അടുത്ത യോഗത്തില്‍

ന്യൂദൽഹി: സുപ്രീംകോടതി റദ്ദാക്കിയ 2ജി ലൈസൻസ് പുന൪ലേലം ചെയ്യുന്നതിനുള്ള പുതിയ സമയക്രമം ഉന്നതാധികാര മന്ത്രിസമിതി അംഗീകരിച്ചു. മന്ത്രി പി.ചിദംബരം അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം വ്യാഴാഴ്ച ചേ൪ന്ന ഉന്നതാധികാര സമിതി സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുത്തില്ല. 2ജി സ്പെക്ട്രത്തിന്റെ വില, ഓപറേറ്റ൪മാരിൽനിന്ന് ഒറ്റത്തവണ ഈടാക്കേണ്ട ഫീസ്, ലൈസൻസിന്റെ നിബന്ധനകൾ,  ലേലം നടത്തിപ്പുകാ൪ തുടങ്ങിയ കാര്യങ്ങളിലൊന്നും ഉന്നതാധികാര സമിതി തീരുമാനമെടുത്തില്ല. ഇക്കാര്യങ്ങൾ സമിതിയുടെ തിങ്കളാഴ്ച ചേരുന്ന   യോഗത്തിലേക്ക് മാറ്റിയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
 പുതിയ സമയക്രമമനുസരിച്ച് പുന൪ലേല നടപടികൾ ജൂലൈ 20ന് ആരംഭിച്ച് ആഗസ്റ്റ് 26ന് അവസാനിപ്പിക്കും. നേരത്തേ, നിശ്ചയിച്ചിരുന്ന സമയക്രമമനുസരിച്ച് ജൂലൈ അഞ്ചിന് ആരംഭിച്ച്  ആഗസ്റ്റ് ആറിന് പുന൪ലേലം പൂ൪ത്തിയാക്കേണ്ടതാണ്. നയങ്ങളിലെ ആശയക്കുഴപ്പമാണ് ലേലം  നീണ്ടുപോകുന്നതിന് കാരണം. എ. രാജ ടെലികോം മന്ത്രിയായിരിക്കെ,  ക്രമവിരുദ്ധമായി അനുവദിച്ചതെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ 122 ലൈസൻസുകളാണ് ലേലം ചെയ്യുന്നത്. ഈ ലൈസൻസുകൾക്ക് ട്രായ് നിശ്ചയിച്ച അടിസ്ഥാന വില രാജ ലൈസൻസ് അനുവദിച്ച കാലത്തേതിന്റെ പത്തിരട്ടിയിലേറെയാണ്.   ഇത്രയും കൂടിയ തുകക്ക് സ്പെക്ട്രം ലേലത്തിൽ പിടിച്ചാൽ കോൾനിരക്ക് മിനുട്ടിന് ഒരു രൂപ വരെ വ൪ധിപ്പിക്കേണ്ടിവരുമെന്നാണ് മൊബൈൽ സേവനദാതാക്കളായ കമ്പനികളുടെ നിലപാട്. അടിസ്ഥാന വില കുറക്കാൻ കമ്പനികൾ സംയുക്തമായി സ൪ക്കാറിനുമേൽ ശക്തമായ സമ്മ൪ദം  ചെലുത്തുന്നുമുണ്ട്. എന്നാൽ, മിനുട്ടിന് 10 പൈസയിൽ കൂടുതൽ വ൪ധന വരില്ലെന്നാണ് ട്രായിയുടെ നിലപാട്. മൊബൈൽ കമ്പനി ഉടമകളുടെ സമ്മ൪ദത്തിനും ട്രായിയുടെ നി൪ദേശത്തിനും ഇടയിൽപെട്ട സ൪ക്കാ൪ വിഷമവൃത്തത്തിലായി. തീരുമാനത്തിലെ പിഴവ്  2ജി അഴിമതിയിൽ വികൃതമായ സ൪ക്കാറിന്റെ പ്രതിച്ഛായ കൂടുതൽ വഷളാക്കും. അതിനാൽ, ധനമന്ത്രി പ്രണബ് മുഖ൪ജി അധ്യക്ഷനായ ഉന്നതാധികാര സമിതി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
 പ്രണബ് സ്ഥാനമൊഴിഞ്ഞതോടെ ശരദ്പവാറിനെ സമിതി അധ്യക്ഷനായി നിയോഗിച്ചുവെങ്കിലും വിവാദത്തിനുള്ള സാധ്യത മനസ്സിലാക്കി പവാ൪ കൈയൊഴിഞ്ഞു. തുട൪ന്നാണ് ചിദംബരം സമിതി അധ്യക്ഷനായത്. 2ജി കേസിൽ ആരോപണ വിധേയനായ ചിദംബരത്തെ സമിതി അധ്യക്ഷനാക്കിയതിൽ പ്രതിപക്ഷം  എതി൪പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഏറെ വൈകിയ 2ജി പുന൪ലേലം വേഗത്തിൽ പൂ൪ത്തിയാക്കാനുള്ള നടപടികളാണ് സ൪ക്കാ൪ എടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.