കര്‍ണാടക മുഖ്യമന്ത്രി ഷെട്ടറും ഭൂമി വിവാദത്തില്‍

ബംഗളൂരു: ബി.ജെ.പി മന്ത്രിസഭയിൽ ഭൂമി വിവാദത്തിൽ പെട്ട മന്ത്രിമാരുടെ പട്ടികയിലേക്ക് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും. വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിനെതിരെ ലോകായുക്ത കോടതിയിൽ പരാതി എത്തിയത്.  ബി.ജെ.പി-ജനതാദൾ സെക്കുല൪ സ൪ക്കാറിൽ റവന്യൂ മന്ത്രിയായിരിക്കെ ബംഗളൂരു നഗര പരിധിക്ക് സമീപം 178 ഏക്ക൪ സ൪ക്കാ൪ ഭൂമി നിയമം മറികടന്ന് പുന൪വിജ്ഞാപനം ചെയ്തുവെന്ന ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉയ൪ന്നിരിക്കുന്നത്. ബംഗളൂരു സ്വദേശിയും ജേ൪ണലിസം വിദ്യാ൪ഥിയുമായ എസ്.എം. ചേതനാണ് ഇതു സംബന്ധിച്ച് ലോകായുക്ത കോടതിയിൽ പരാതി നൽകിയത്. ലോകായുക്ത ജഡ്ജി എൻ.കെ. സുധീന്ദ്ര റാവു കേസ് ജൂലൈ 21ന് പരിഗണിക്കും.
ദാസനപുരയിൽ ക൪ഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി മാ൪ക്കറ്റ് നി൪മിക്കുന്നതിന് മാറ്റിവെച്ചിരുന്ന 365 ഏക്ക൪ ഭൂമിയിൽനിന്ന് 178 ഏക്ക൪ പുന൪വിജ്ഞാപനം ചെയ്ത് നൽകിയെന്നും ഈ ഇടപാടിൽ സ൪ക്കാറിന് 250 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും ചേതൻ നൽകിയ പരാതിയിൽ  ആരോപിക്കുന്നു. മന്ത്രിസഭയുടെ അംഗീകാരമില്ലാതെയായിരുന്നു പുന൪വിജഞാപനം.
മാ൪ക്കറ്റ് നി൪മാണ പദ്ധതി കടലാസിൽ വിശ്രമിച്ചെങ്കിലും പുന൪വിജ്ഞാപനം ചെയ്ത ഭൂമിയിൽ റിയൽ എസ്റ്റേറ്റ് ലോബി കെട്ടിട സമുച്ചയങ്ങൾ നി൪മിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ഷെട്ട൪ സാമ്പത്തിക ലാഭം നേടിയതായി ഹരജിയിൽ പരാമ൪ശമില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും ഇതു സംബന്ധിച്ച രേഖകൾ നൽകാൻ അധികൃത൪ തയാറായിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. 2008ൽ ബി.ജെ.പി സ൪ക്കാ൪ അധികാരത്തിൽ വന്നതിനു ശേഷം ഭൂമി വിവാദത്തിൽ പെടുന്ന ഏറ്റവും ഒടുവിലത്തെ മന്ത്രിയാണ് ഷെട്ട൪. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുൾപ്പെടെ ഏകദേശം 20 മന്ത്രിമാരെങ്കിലും ഭൂമി കുംഭകോണത്തിലും അഴിമതി കേസുകളിലും അന്വേഷണം നേരിടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.