ബംഗളൂരു: ഖനന അഴിമതിയിൽ ജയിലിൽ കഴിയുന്ന ക൪ണാടക മുൻ മുഖ്യമന്ത്രി ജി. ജനാ൪ദന റെഡ്ഡിക്ക് ജാമ്യം നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ രണ്ട് ജഡ്ജിമാ൪ കൂടി അറസ്റ്റിൽ. ആന്ധ്രപ്രദേശ് ഹൈകോടതി രജിസ്ട്രാ൪ ലക്ഷ്മി നരസിംഹറാവു, ശ്രീകാകുളം മൂന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഡി. പ്രഭാക൪ റാവു എന്നിവരെയാണ് ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി) ഡയറക്ട൪ ജനറൽ ബി. പ്രസാദറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവരുടെയും പങ്ക് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പ്രസാദ റാവു പറഞ്ഞു.
പ്രഭാക൪ റാവുവിനെ ഒരാഴ്ച മുമ്പും ലക്ഷ്മി നരസിംഹറാവുവിനെ കഴിഞ്ഞ ദിവസവും ഹൈകോടതി സസ്പെൻഡ് ചെയ്തിരുന്നു. എ.സി.ബിയുടെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കേസിൽ അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ജഡ്ജിയും ആറാമത്തെ പ്രതിയുമാണ് ലക്ഷ്മി നരസിംഹറാവു. കേസിൽ ജഡ്ജി ടി. പട്ടാഭിരാമറാവുവിനെ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പട്ടാഭിരാമറാവു, മകൻ രവിചന്ദ്ര, റിട്ട. ജില്ലാ ജഡ്ജി ടി.വി. ചലപതി റാവു, ഗുണ്ടാ നേതാവും ഇടനിലക്കാരനുമായ യാദ്ഗി൪ റാവു, റിയൽ എസ്റ്റേറ്റുകാരനായ രവി സൂര്യപ്രകാശ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ഒബുലാപുരം മൈനിങ് കമ്പനി ഉടമയായ ജനാ൪ദന റെഡ്ഡി ആന്ധ്ര-ക൪ണാടക അതി൪ത്തിയിൽ നടത്തിയ അനധികൃത ഖനനത്തെ തുട൪ന്ന് ജയിലിലായ ശേഷം മേയ് 11നാണ് സി.ബി.ഐ കോടതി ജാമ്യം അനുവദിക്കുന്നത്. തന്റെ കേസ് പട്ടാഭിരാമറാവുതന്നെ കേൾക്കണമെന്ന് ജനാ൪ദന റെഡ്ഡി ഹരജി നൽകിയതോടെയാണ് ജഡ്ജിയുടെ നേരെ സംശയമുയ൪ന്നത്. മറ്റൊരു കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാൻ റെഡ്ഡിക്ക് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.