ടു-ജി വിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ വാദം കേള്‍ക്കല്‍ ഇന്ന്

ന്യൂദൽഹി: ടുജി സ്പെക്ട്രം കോടതി വിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സ൪ക്കാ൪ സമ൪പ്പിച്ച പ്രസിഡ്യൽ റഫറൻസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ടുജി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ലേല ഉത്തരവ് എല്ലാ പ്രകൃതി വിഭവങ്ങൾക്കും ബാധകമാണോ എന്ന കാര്യത്തിലാണ് സ൪ക്കാ൪ പ്രസിഡൻഷ്യൽ റഫറൻസ് നൽകിയിരിക്കുന്നത്.

ഏതെങ്കിലും വിഷയത്തിൽ വിശദീകരണമാവശ്യമെങ്കിൽ കേന്ദ്ര സ൪ക്കാറിന് രാഷ്ട്രപതി വഴി സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ഇതിനെയാണ് പ്രസിഡൻഷ്യൽ റഫറൻസ് എന്ന് പറയുന്നത്. ഭരണഘടനാപരമായ ഒരു വ്യവസ്ഥയാണിത്. വിശദമായ വാദം കേൾക്കലിന് ശേഷം സുപ്രീംകോടതി നിലപാട് വ്യക്തമാക്കും.

മുൻമന്ത്രി എ രാജയുടെ കാലത്ത് അനുവദിച്ച 122 ടുജി സ്പെക്ട്രം ലൈസൻസുകൾ റദ്ദാക്കികൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആദ്യമാദ്യം വരുന്നവ൪ക്ക് ലൈസൻസുകൾ നൽകുന്ന രീതിയായിരുന്നു രാജ സ്വീകരിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും സ്പെക്ട്രം ലൈസൻസുകൾ ലേലത്തിന് വെച്ച ശേഷമേ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിരുന്നു. ഈ വിധി എല്ലാ പ്രകൃതി വിഭവങ്ങൾക്കും ബാധകമാണോ എന്ന വിഷയത്തിലാണ് കേന്ദ്ര സ൪ക്കാ൪ വിശദീകരണം തേടുന്നത്.

2008 ന് മുമ്പ് അനുവദിച്ച ലൈസൻസുകൾ ലേലത്തിന് വെച്ചിട്ടില്ല എന്നിരിക്കെ അവ റദ്ദാക്കേണ്ടതുണ്ടോ എന്നും ത്രീ ജി സ്പെക്ട്രം ലൈസൻസുകൾ അനുവദിക്കുന്നതിൽ ഈ വിധി ബാധകമാണോ എന്ന കാര്യത്തിലും കേന്ദ്രത്തിന് വിശദീകരണം ആവശ്യമുണ്ട്.

കോടതി വിധിക്ക് ശേഷം അടുത്തിടെ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ സ൪ക്കാ൪ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിരുന്നു. എല്ലാ പ്രകൃതി വിഭവങ്ങളും ലേലത്തിന് വെക്കാൻ കഴിയില്ലെന്നും അത് സാമ്പത്തിക വള൪ച്ചയെ ബാധിക്കുമെന്നുമാണ് കേന്ദ്രത്തിൻെറ നിലപാട്. സ൪ക്കാറിൻെറ നയപരമായ തീരുമാനങ്ങളിലേക്ക് കടക്കാൻ നീതിന്യായ വ്യവസ്ഥക്ക് കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.