ഇറാനില്‍ പുടിന്‍ സമ്മര്‍ദം ചെലുത്തണം -ഇസ്രായേല്‍

തെൽഅവീവ്: ഇറാനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാൻ റഷ്യയുടെ മേൽ ഇസ്രായേലിന്റെ സമ്മ൪ദം.  ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതിക്കെതിരെ റഷ്യ ശക്തമായ നിലപാട് കൈക്കൊള്ളണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇസ്രായേൽ പര്യടനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദ്മി൪ പുടിനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യുറേനിയം  സമ്പുഷ്ടീകരണത്തിൽനിന്ന് ഇറാൻ പിന്മാറണം. പൂ൪ണമായും സമാധാനപരമായ ഊ൪ജാവശ്യങ്ങൾക്കാണ്  ആണവസാങ്കേതിക വിദ്യയെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ആണവായുധ നി൪മാണമാണ് അവരുടെ ലക്ഷ്യമെന്ന് തങ്ങൾ സംശയിക്കുന്നു -നെതന്യാഹു പറഞ്ഞു.
ഏഴുവ൪ഷത്തിന് ശേഷമാണ് പുടിൻ മധ്യപൗരസ്ത്യ രാജ്യങ്ങൾ സന്ദ൪ശിക്കുന്നത്. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കുടിക്കാഴ്ച നടത്തി. ഇറാനെതിരെ യു.എൻ ആഭിമുഖ്യത്തിലുള്ള നാല് ഉപരോധങ്ങൾക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വീണ്ടും ഉപരോധം ശക്തിപ്പെടുത്താനുള്ള പദ്ധതി സംഭാഷണസാധ്യത തടയാനുള്ള കരുനീക്കമാണെന്നായിരുന്നു റഷ്യയുടെ അഭിപ്രായം. ഇറാനെ യൂറേനിയം സമ്പുഷ്ടീകരണത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള മോസ്കോ ച൪ച്ച ലക്ഷ്യം കാണാതെ സമാപിക്കുകയാണുണ്ടായത്. ആറ് വൻശക്തി രാഷ്ട്രങ്ങൾ ഇറാനുമായി രണ്ടുദിവസമാണ് മോസ്കോയിൽ സംഭാഷണം നടത്തിയത്. ഇറാൻ യൂറേനിയം സമ്പുഷ്ടീകരണം  മൂന്നര ശതമാനമായി ചുരുക്കണമെന്നായിരുന്നു വൻശക്തികളുടെ ആവശ്യം. എന്നാൽ, ഉപരോധം പിൻവലിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ തയാറാവണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.