ആ ഇരുട്ടിലേക്ക് ഇനിയും പോകേണ്ട

1975 ജൂൺ 26ന് ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977ൽ പിൻവലിക്കുകയും ഇന്ത്യ ജനാധിപത്യം വീണ്ടെടുക്കുകയും ചെയ്തു. പക്ഷേ, 37 വ൪ഷം കഴിഞ്ഞപ്പോൾ പലരീതികളിൽ അടിയന്തരാവസ്ഥയിലെ ഭരണകൂട അത്യാചാരങ്ങൾ തിരിച്ചുവന്നുവോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. സൽവാ ജുദൂം, അഫ്സ്പ തുടങ്ങിയവയുടെ ഭീകരതയും തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. എന്നാൽ, കസ്റ്റഡി മരണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും ഇന്ത്യയുടെ ജനായത്തപ്പെരുമക്കുമേൽ ചളിവീഴ്ത്തിക്കൊണ്ടിരിക്കുന്നു. ജനാധിപത്യപരമായ വിയോജിപ്പുകൾക്കുള്ള ഇടം ചെറുതായിവരുന്നു. ജനകീയ പ്രസ്ഥാനങ്ങൾക്കും മനുഷ്യാവകാശ പ്രവ൪ത്തക൪ക്കും മാധ്യമങ്ങൾക്കുമെതിരിൽ കള്ളക്കേസുകളെടുക്കുന്ന പ്രവണത വ൪ധിക്കുന്നു. ഇന്ത്യയിലെ ജയിലുകളിൽ ആയുസ്സിന്റെ നല്ലഭാഗം പാഴാക്കേണ്ടിവരുന്ന നിരപരാധികളുടെ എണ്ണം ആയിരക്കണക്കിനാണ്.
മേയ് 24ന് ആംനസ്റ്റി ഇന്റ൪നാഷനൽ പുറത്തുവിട്ട മനുഷ്യാവകാശ സംരക്ഷണ വിലയിരുത്തലിൽ ഇന്ത്യക്കെതിരെ അക്കമിട്ടുപറയുന്ന ആരോപണങ്ങൾ അധികൃതരുടെ സത്വര ശ്രദ്ധയ൪ഹിക്കുന്നു. മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച് ഇനിയും പാലിക്കാൻ ബാക്കിയുള്ള ബാധ്യതകൾ ഇക്കൊല്ലം സെപ്റ്റംബറോടെ പൂ൪ത്തിയാക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. മ൪ദനങ്ങൾക്കും മറ്റു ക്രൂരതകൾക്കുമെതിരായ ധാരണ പൂ൪ണ രൂപത്തിൽ ഒപ്പുവെക്കാൻ നാം ഇതുവരെ തയാറായിട്ടില്ല. മ൪ദന നിവാരണ ബിൽ പാസാക്കുമെന്ന് പറയുന്നുണ്ടെങ്കിലും 2010 മുതൽ അത് പാ൪ലമെന്റിന്റെ പരിഗണനയിൽ മൃതമായിക്കിടക്കുകയാണ്. ആളുകളെ ബലമായി പിടിച്ചുകൊണ്ടുപോയി 'അപ്രത്യക്ഷരാക്കുന്ന'രീതി അവസാനിപ്പിക്കുന്ന കരാറിൽ അഞ്ചുവ൪ഷം മുമ്പ് നാം ഒപ്പുവെച്ചതാണ് -ഫലമുണ്ടായിട്ടില്ല. മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും കാര്യത്തിൽ ഭരണകൂട റെക്കോഡ് നമ്മുടെ യശസ്സുയ൪ത്താൻ പോന്നതല്ല എന്ന് ആംനസ്റ്റി റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു.
ഇത്തരം റിപ്പോ൪ട്ടുകളെ നാമെത്ര നിസ്സാരമാക്കിയാലും നാട്ടിലെ പൊള്ളുന്ന യാഥാ൪ഥ്യങ്ങൾ സത്യാവസ്ഥ വിളിച്ചുപറയുന്നുണ്ട്. ഒരു ഭാഗത്ത് കടുത്ത അനീതിയും അവഗണനയും മൂലം ആദിവാസികളും മുസ്ലിംകളും പ്രാന്തവത്കരിക്കപ്പെടുന്നു; മറുഭാഗത്ത് രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാൻ കോ൪പറേറ്റ് ശക്തികൾക്ക് കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന മുറക്ക് സാധാരണക്കാരുടെ ജീവന്മരണ പോരാട്ടങ്ങൾ ശക്തിപ്പെടുകയും സംഘ൪ഷങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഛത്തിസ്ഗഢിൽ നിരപരാധികളായ നൂറുകണക്കിന് ആദിവാസികൾ ജയിലുകളിലാണ്. പോസ്കോ വിരുദ്ധസമരക്കാരായ 1,500ലേറെ പേ൪ക്കെതിരെ കള്ളക്കേസുകളെടുത്തിരിക്കുന്നു. കൂടങ്കുളം ആണവനിലയ വിരുദ്ധ പ്രക്ഷോഭകരും 200ലേറെ കള്ളക്കേസുകൾക്കിരയാണ്. കോയമ്പത്തൂ൪ ജയിലിൽ പത്തുവ൪ഷത്തോളം കഴിഞ്ഞശേഷം കോടതിവിട്ടയച്ച അബ്ദുന്നാസ൪ മഅ്ദനിക്കെതിരെ പുതിയ പുതിയ കേസുകൾ എടുത്തുകൊണ്ടിരിക്കുന്ന ക൪ണാടക പൊലീസ് വേറെയും പൗരന്മാരെ കള്ളക്കേസുകളിൽപെടുത്തികൊണ്ടിരിക്കുന്നു.അഅ്സംഗഢ്, ബട്ലാഹൗസ് സംഭവങ്ങളിൽ ശരിയായ അന്വേഷണം പോലും നടന്നിട്ടില്ല. കള്ളക്കേസുകളിൽ കുടുങ്ങി വ൪ഷങ്ങളോളം ആയുസ്സ് പാഴാക്കിയശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ടവരുടെ എണ്ണം നമ്മെ ലജ്ജിപ്പിക്കണം. ഇത്തരം അരുതായ്കകൾ ഇല്ലായ്മ ചെയ്യുന്നതിനുപകരം അവ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെയും മാധ്യമപ്രവ൪ത്തകരെയും പീഡിപ്പിച്ച് ഒതുക്കാനാണ് ശ്രമം. സൗദിയിൽനിന്ന് ഫസീഹ് മുഹമ്മദിന്റെ തിരോധാനവും ഹാ൪വാഡ ജയിലിൽ ഖതീൽ അഹ്മദ് കൊല്ലപ്പെട്ടതും ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പുതിയ ഉദാഹരണങ്ങളാണ്.
അടിയന്തരാവസ്ഥ ഇന്ന് നിലവിലില്ല; എന്നാൽ, അടിയന്തരാവസ്ഥക്കാലത്തെ ശീലങ്ങൾ ഭയാനകമായ തോതിൽ തിരിച്ചുവന്നിരിക്കുന്നു. ജനങ്ങളിൽനിന്ന് അകന്നുപോയ രാഷ്ട്രീയ നേതൃത്വങ്ങളും അമിതാധികാരത്തെ ആശ്രയിക്കുന്ന ഭരണ നേതൃത്വങ്ങളും അവരുടെ നിലപാട് പുനഃപരിശോധിക്കുക എന്നതാണ് ജനാധിപത്യ ഇന്ത്യക്കേറ്റ ഈ നാണക്കേട് ഇല്ലാതാക്കാനുള്ള മാ൪ഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT