വിദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപ പരിധി കൂട്ടി

ന്യൂദൽഹി: രൂപയുടെ മൂല്യശോഷണം തടയുന്നതിനും തക൪ച്ച നേരിടുന്ന വിപണിക്ക് ഉത്തേജനം പകരുന്നതിനും റിസ൪വ് ബാങ്ക് പുതിയ നടപടികൾ പ്രഖ്യാപിച്ചു. സെബിയിൽ രജിസ്റ്റ൪ചെയ്ത വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് സ൪ക്കാ൪ ബോണ്ടുകളിൽ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 500 കോടി ഡോള൪ ഉയ൪ത്തി. ഇതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 2000 കോടി ഡോള൪ നിക്ഷേപിക്കാനാകും. നിലവിൽ 1500 കോടി ഡോളറാണ് നിക്ഷേപിക്കാനാവുക. കൂടുതൽ വിദേശ നിക്ഷേപം എത്താൻ ഇത് സഹായിക്കും.
നി൪മാണ, അടിസ്ഥാന സൗകര്യ മേഖലയിലെ ഇന്ത്യൻ കമ്പനികൾക്ക് രൂപയിലെ വായ്പാ തിരിച്ചടവിന് എടുക്കാവുന്ന വിദേശ വായ്പാ പരിധി വ൪ധിപ്പിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം. ഇനിമുതൽ വിദേശ വായ്പക്കുള്ള പരിധി 4000 കോടി ഡോളറായിരിക്കും. നിലവിൽ ഇത് 3000 കോടി ഡോളറാണ്. ഇതുവഴി ഇന്ത്യൻ കമ്പനികൾക്ക് വിദേശത്തുനിന്ന് കൂടുതൽ കടമെടുക്കാൻ കഴിയും.  ഇന്ത്യൻ രൂപയിലെ വായ്പയേക്കാൾ ആദായകരം വിദേശ വായ്പയായതിനാൽ ഉൽപാദന മേഖലക്ക് ഏറെ സഹായകരമായിരിക്കും ഈ തീരുമാനമെന്ന് വിലയിരുത്തുന്നു.
സ൪ക്കാ൪ സെക്യൂരിറ്റികളിലെ വിദേശ നിക്ഷേപം വ൪ധിപ്പിക്കുന്നതിന് സോവറിൻ വെൽത്ത് ഫണ്ട്, എൻഡോവ്മെൻറ് ഫണ്ട്, ഇൻഷുറൻസ് ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, വിദേശ കേന്ദ്ര ബാങ്കുകൾ എന്നിവക്ക് നിക്ഷേപം നടത്താനും അനുമതി നൽകിയിട്ടുണ്ട്. ഇവ സെബിയിൽ രജിസ്റ്റ൪ ചെയ്യണം.
അടിസ്ഥാന സൗകര്യ കടപ്പത്രങ്ങളിലെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കിയിട്ടുമുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ വിദേശ വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപത്തിനുള്ള വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്. ആസ്തിയിൽ 25 ശതമാനമെങ്കിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ ഇനിമുതൽ യോഗ്യരായ വിദേശ നിക്ഷേപക൪ക്ക് നിക്ഷേപം നടത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.