രാഷ്ട്രപതി: പാര്‍ട്ടികള്‍ പലവഴി

ന്യൂദൽഹി: മുതി൪ന്ന കോൺഗ്രസ് നേതാവ് പ്രണബ് മുഖ൪ജിയുടെ അനായാസ വിജയം പ്രവചിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഭരണപക്ഷത്തും പ്രതിപക്ഷത്തും സഖ്യകക്ഷികളെ ഭിന്നിപ്പിച്ച് കൈ്ളമാക്സിലേക്ക്. ഏതെങ്കിലും ഒരു സ്ഥാനാ൪ഥിക്ക് കൂട്ടായ പിന്തുണ നൽകാമെന്ന തീരുമാനമെടുക്കാൻ യു.പി.എ, എൻ.ഡി.എ സഖ്യങ്ങൾക്കോ ഇടതുപാ൪ട്ടികൾക്കോ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ നടന്ന എൻ.ഡി.എയുടെയും വൈകീട്ട് നടന്ന ഇടതുപാ൪ട്ടികളുടെയും യോഗം അഭിപ്രായ ഭിന്നതയിൽ കലാശിച്ചു.
ഇടതുപാ൪ട്ടികൾക്കിടയിൽ സി.പി.എമ്മും ഫോ൪വേ൪ഡ് ബ്ലോക്കും പ്രണബ് മുഖ൪ജിയെ പിന്തുണക്കും. കോൺഗ്രസ് സ്ഥാനാ൪ഥിയെ പിന്തുണക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ച് സി.പി.ഐയും ആ൪.എസ്.പിയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.
പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യുവിനെ സ്വാധീനിക്കാമെന്ന അവസാന പ്രതീക്ഷയും വെള്ളത്തിലായതോടെ എൻ.ഡി.എ സഖ്യത്തിന്റെ വോട്ട് രണ്ടു സ്ഥാനാ൪ഥികൾക്കുമായി ചിതറും. സ്വന്തം സ്ഥാനാ൪ഥിയെ കണ്ടെത്താൻ കഴിയാതെപോയ ബി.ജെ.പി, മുൻ ലോക്സഭാ സ്പീക്ക൪ പി.എ. സാങ്മക്ക് വ്യാഴാഴ്ച ഔപചാരികമായി പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, പ്രണബിനെ പിന്തുണക്കാനാണ് ജനതാദൾ-യുവിന്റെ തീരുമാനം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും പ്രണബിനൊപ്പമാണ്.
ദേശീയ തലത്തിൽ പൊതുവെ സ്വീകാര്യനെന്ന നിലയിലാണ് പ്രണബിനെ പിന്തുണക്കുന്നതെന്ന് സി.പി.എമ്മും ഫോ൪വേ൪ഡ് ബ്ലോക്കും വിശദീകരിക്കുന്നുണ്ട്. പക്ഷേ, സ്വന്തം ശക്തികേന്ദ്രമായ പശ്ചിമ ബംഗാളിൽനിന്ന് ആദ്യമായൊരാൾ രാഷ്ട്രപതിയാകുമ്പോൾ എതി൪ക്കുന്നതു മൂലമുള്ള ബംഗാൾ വിദ്വേഷം ഏറ്റുവാങ്ങാൻ തയാറല്ലെന്നതാണ് പ്രധാന കാരണം. മമത ബാന൪ജിക്കെതിരായ വികാരം, ബി.ജെ.പി പിന്തുണക്കുന്ന പി.എ. സാങ്മക്ക് വോട്ടുചെയ്യാൻ പറ്റില്ലെന്ന നയപരമായ തീരുമാനം എന്നിവയാണ് മറ്റു കാരണങ്ങൾ.
എൻ.ഡി.എയുടെ കൂട്ടായ പിന്തുണ പ്രതീക്ഷിച്ച് കഴിഞ്ഞ ദിവസമാണ് സാങ്മ എൻ.സി.പിയിൽനിന്ന് രാജിവെച്ചത്.  പി.എ. സാങ്മയെ പിന്തുണക്കുമോ എന്നകാര്യം യു.പി.എയിലെ രണ്ടാമത്തെ പ്രധാന സഖ്യകക്ഷിയായ തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല. പ്രണബ് മുഖ൪ജിക്ക് വോട്ടുചെയ്യണമെന്ന കോൺഗ്രസിന്റെ ആവ൪ത്തിച്ചുള്ള അഭ്യ൪ഥനയോട് മുഖംതിരിച്ചു നിൽക്കുകയാണ് മമത. തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള സാധ്യത ഏറെ. പ്രണബ് ജയിക്കുമെങ്കിലും സമവായ സ്ഥാനാ൪ഥിയില്ലാതെ, യു.പി.എയുടെ കെട്ടുറപ്പ് തക൪ത്താണ് ഭരണസഖ്യം തെരഞ്ഞെടുപ്പിലേക്ക് നടക്കുന്നത്. എൻ.സി.പി സ്ഥാപിച്ച ശരദ്പവാറും സാങ്മയും വഴിപിരിഞ്ഞു.
കോൺഗ്രസിതര, ബി.ജെ.പിയിതര, ഇടതിതര പാ൪ട്ടികളും ഈ തെരഞ്ഞെടുപ്പിൽ പലവഴിക്കാണ്. യു.പിയിലെ സമാജ്വാദി പാ൪ട്ടിയും ബി.എസ്.പിയും പ്രണബിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും പിന്തുണ സാങ്മക്കാണ്.
ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുഗുദേശം പാ൪ട്ടി പ്രണബിനൊപ്പം. ദേശീയസഖ്യങ്ങളെ നയിക്കുന്ന കോൺഗ്രസും ബി.ജെ.പിയും പ്രാദേശിക പാ൪ട്ടികളുടെ കരുത്തിനു മുന്നിൽ മുമ്പെന്നത്തേക്കാൾ ദു൪ബലരാവുന്ന ചിത്രമാണ് രാഷ്ട്രപതി സ്ഥാനാ൪ഥി നി൪ണയത്തിൽ തെളിഞ്ഞത്. ഇതുപോലെ സുപ്രധാനമായൊരു ഘട്ടത്തിൽ ഇടതുപാ൪ട്ടികൾ ഭിന്നിച്ചു നിൽക്കുന്നതും ഇതാദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.