തളിക്കുളത്ത് ചുഴലിക്കാറ്റ് ; വീടുകള്‍ തകര്‍ന്നു

വാടാനപ്പള്ളി: തളിക്കുളത്ത് ചൊവ്വാഴ്ച രാവിലെ  വീശിയ ചുഴലിക്കാറ്റിൽ വൻനാശം. രണ്ട് വീടുകൾ തക൪ന്നു. മരം കാലിൽ വീണ് ഒരാൾക്കു പരിക്കേറ്റു.
 300 ഓളം വാഴകളും ജാതി, തെങ്ങ്, തേക്ക്, പ്ളാവ്, മാവ്, കവുങ്ങ്, അടക്കം നിരവധി വൃക്ഷങ്ങളും ഒടിഞ്ഞും കടപുഴകിയും വീണു. രാവിലെ 9.50ഓടെയാണ് മഴയും ചുഴലിക്കാറ്റും ആഞ്ഞടിച്ചത്. ചിലങ്ക ബീച്ച്, പത്താംകല്ല് പടിഞ്ഞാറ്, കച്ചേരിപ്പടിക്ക് കിഴക്ക് എന്നിവിടങ്ങളിലാണ് ചുഴലി കനത്തനാശം വിതച്ചത്.
ചിലങ്ക ബീച്ചിൽ ചക്കിവീട്ടിൽ സിദ്ധാ൪ഥൻ, കാവുങ്ങൽ കുഞ്ഞിമുഹമ്മദ്, മണിയന്ത്ര ലീല, കലാശ്ശേരി സാവിത്രി കച്ചേരിപടിക്ക് കിഴക്ക് വള്ളുവീട്ടിൽ സുരേഷ് എന്നിവരുടെ വീടുകളാണ് തക൪ന്നത്.
മരം കാലിൽ വീണ് സുരേഷിനാണ് പരിക്കേറ്റത്. കുഞ്ഞിമുഹമ്മദിൻെറ വീടാണ് മരം വീണ് തക൪ന്നത്. സിദ്ധാ൪ഥൻെറ വീടിൻെറ  മുകളിലേക്ക്  തെങ്ങ് കടപുഴകി വീണു. വീടിൻെറ മുകൾ ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞവ൪ഷം ജൂൺ ഒന്നിനുണ്ടായ കാറ്റിലും സിദ്ധാ൪ഥൻെറ വീടിൻെറ മുകളിലേക്ക് തെങ്ങ് വീണിരുന്നു. പരിസരത്ത് അവിടവിടയായി കാറ്റിൽ മരം ഒടിഞ്ഞുവീണിട്ടുണ്ട്.
കാറ്റിൽ സുരേഷിൻെറ വീടിൻെറ മേൽകൂരയിലെ ഷീറ്റുകൾ പറന്നു പോയി. മഴയിൽ വീട് വെള്ളത്തിലായി. ടി.വി നശിച്ചു. വീടിൻെറ സാധനങ്ങൾ എല്ലാം നനഞ്ഞു.
സുരേഷിൻെറ വീടിന് സമീപമുള്ള കല്ലാറ്റ് ബാലകൃഷ്ണൻെറ ഭാര്യയും  സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കൗസല്യയുടെ വീടിൻെറ മുകളിലേക്ക് തേക്ക് മരം വീണെങ്കിലും വീടിന് അപകടം ഉണ്ടായില്ല. ഇവരുടെ  വിറക് പുരയുടെ  മുകളിലേക്കും മരം വീണു.
ഇവരുടെ പറമ്പിലെ അഞ്ച് തെങ്ങുകൾ, 10 കവുങ്ങുകൾ, രണ്ട് തേക്ക്, 25ഓളം വാഴകൾ, മാവ് എന്നിവ ഒടിഞ്ഞു വീണു.
പത്താംകല്ല് പടിഞ്ഞാറ് ക൪ഷകനായ കരുണാട്ടില്ലം ഉണ്ണികൃഷ്ണൻെറ പുരയിടത്തിൽ  കാറ്റ് വൻനാശമാണ് വിതച്ചത്. വീടിന് സമീപമുള്ള 100 വ൪ഷം പഴക്കമുള്ള കൂറ്റൻ പ്ളാവ്  കടപുഴകി വീണു.
സമീപം കെട്ടിയിട്ടിരുന്ന 13 കന്നുകാലികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നു പശുക്കൾ മരത്തിനടിയിൽ കുടുങ്ങിയെങ്കിലും വീട്ടുകാ൪ രക്ഷപ്പെടുത്തി. കന്നുകാലികളെ കെട്ടിയിട്ടതിന് സമീപം തെങ്ങുകൾ കാറ്റിൽ ഒടിഞ്ഞ് തെറിച്ച് വീഴുകയായിരുന്നു. വീടിന് മുന്നിലെ കിണറിന് സമീപമുള്ള പ്ളാവും കടപുഴകി. ഇതോടെ കിണറിന് സമീപം വലിയ കുഴി രൂപപ്പെട്ടു . പറമ്പിലെ 200 ഓളം വാഴകളും ജാതിമരങ്ങളും കവുങ്ങും നശിച്ചു. 9.50 ഓടെ വലിയ ചൂളം വിളിയോടെയാണ് ചുഴലി വീശിയതെന്ന് ഉണ്ണികൃഷ്ണൻെറ സഹോദരൻ ദാസൻെറ ഭാര്യ ഗീത പറഞ്ഞു.
ശബ്ദം കേട്ട് ഗീതയും മറ്റുള്ളവരും പുറത്തേക്ക് ഓടി.  പരിസരത്തെ കുളങ്ങരകത്ത് ആൻറണിയുടെ വീടിൻെറ ഷീറ്റുകളും തക൪ന്നു. പടിഞ്ഞാറ് ഭാഗത്തെ 100 ഓളം വാഴകളും  ഒടിഞ്ഞു വീണു. കുളപ്പുരക്കൽ സുനിൽ ,പുഴങ്ങരയില്ലത്ത് ഷൈജു എന്നിവരുടെ കൃഷിയും നശിച്ചു. പ്രദേശത്ത് അവിടവിടയായും  മരങ്ങൾ ഒടിഞ്ഞു വീണു. കാറ്റിൽ നാശം നേരിട്ട പ്രദേശങ്ങൾ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പി.ഐ. ഷൗക്കത്തലി, സ്റ്റാൻഡിങ് കമ്മിറ്റിചെയ൪മാൻ പി.എം. അബ്ദുൽ ജബ്ബാ൪, അംഗം സുന്ദരേശൻ, പഞ്ചായത്ത് സെക്രട്ടറി സുഭാഷ്, വില്ളേജാഫിസ൪ എന്നിവ൪ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.