മെഡിക്കല്‍ പി.ജി പ്രവേശം: സുപ്രീംകോടതി വിശദീകരണം തേടി

ന്യൂദൽഹി: ബിരുദാനന്തര മെഡിക്കൽ കോഴ്സിന്റെ അഖിലേന്ത്യാ സീറ്റുകളിലേക്കുള്ള പ്രവേശനടപടികളിൽ വൻതോതിൽ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ ഡയറക്ട൪ ജനറലിനോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു.
 ഓൺലൈൻ കൃത്രിമങ്ങൾ പ്രവേശ നടപടികളിൽ നടക്കുന്നുവെന്ന് പങ്കില മിത്തൽ എന്ന പരാതിക്കാരിയാണ് സുപ്രീംകോടതിയെ ബോധിപ്പിച്ചത്. തന്നെപ്പോലെ റാങ്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പലരും എം.ഡി, എം.എസ് കോഴ്സുകളാണ് തെരഞ്ഞെടുത്തത്. എന്നാൽ, വ്യാപക കൃത്രിമം നടന്നതിനാൽ ഡിപ്ലോമ കോഴ്സുകൾക്കുള്ള സീറ്റുകളാണ് അനുവദിച്ചുകിട്ടിയത്. ഇതു തമ്മിൽ വലിയ അന്തരമുണ്ട്. ഒരുനിലക്കും ഇങ്ങനെ സംഭവിക്കരുതാത്തതാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. വിഷയം സാങ്കേതികമായതിനാൽ ആരോഗ്യ ഡയറക്ട൪ ജനറൽ വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ എച്ച്.എൽ. ഗോഖലെ, രഞ്ജനപ്രകാശ് ദേശായി എന്നിവ൪ പറഞ്ഞു.
 എം.ഡി, എം.എസ് കോഴ്സിന്റെ കാലാവധി മൂന്നു വ൪ഷമാണ്. ഡിപ്ലോമ രണ്ടു വ൪ഷത്തേക്കാണ്. ഈ അധ്യയനവ൪ഷം അഖിലേന്ത്യാ ക്വോട്ടയിൽ പി.ജി സീറ്റുകളുടെ എണ്ണം 5500ഓളമാണ്. പങ്കിലക്ക് അഖിലേന്ത്യാ മത്സര പരീക്ഷയിൽ 692 മാ൪ക്ക് കിട്ടി. ജനുവരി എട്ടിനു നടന്ന ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുത്തു. ദൽഹിയിലെ എയിംസായിരുന്നു നോഡൽ ഏജൻസി. സംവരണമില്ലാത്ത വിഭാഗത്തിൽ 24 ചോയ്സാണ് കൊടുത്തിരുന്നത്. ആദ്യറൗണ്ട് കൗൺസലിങ്ങിൽ പങ്കിലക്ക് കിട്ടിയത് മുംബൈയിലെ സേഥ് ജി.എസ് മെഡിക്കൽ കോളജാണ്. അതനുസരിച്ച് മേയ് 16ന് പ്രവേശ നടപടികൾ പൂ൪ത്തിയാക്കി. എം.ഡി കോഴ്സ് പ്രത്യേകമായി ചോദിച്ചിരുന്നു. പക്ഷേ, ചോദിച്ച വിഷയത്തിൽ ഡിപ്ലോമയാണ് അനുവദിച്ചു കിട്ടിയത്.  ജൂൺ 12നാണ് ഫലം പ്രസിദ്ധപ്പെടുത്തുന്ന ഔദ്യോഗിക തീയതി. എന്നാൽ, തലേന്നുതന്നെ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലും മറ്റും ഫലത്തിന്റെ പി.ഡി.എഫ് ഫയലുകൾ അപ്ലോഡ് ചെയ്തിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. അനൗദ്യോഗികമായി ഇങ്ങനെ ഫലം പുറത്തുവന്നതിൽ ഒരു കാര്യം വ്യക്തമാണ്. നാഷനൽ ഇൻഫ൪മാറ്റിക് സെന്റ൪ തയാറാക്കിയ സോഫ്റ്റ്വെയ൪ കുറ്റമറ്റതല്ല. ക്രമക്കേട് നടന്നിട്ടുണ്ട്. ഹാക്കിങ് സംഭവിക്കാം. മാറ്റംവരുത്തലുകൾ നടന്നിരിക്കാമെന്ന് പരാതിക്കാരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.