രാഷ്ട്രപതി: എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം; തീരുമാനം നീളുന്നു

ന്യൂദൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ മുന്നണയിലെ ഭിന്നത രൂക്ഷം. ഇക്കാര്യം ച൪ച്ച ചെയ്യാൻ ഞായറാഴ്ച എൽ.കെ. അദ്വാനിയുടെ വസതിയിൽ ചേ൪ന്ന എൻ.ഡി.എ യോഗം തീരുമാനമാകാതെ പിരിഞ്ഞു. മത്സരിക്കണമോയെന്ന കാര്യത്തിൽ എൻ.ഡി.എയിൽ ഏകാഭിപ്രായമില്ല. മത്സരിക്കണമെന്ന് മുന്നണിക്കകത്ത് വാദിക്കുന്ന ബി.ജെ.പിയിലാകട്ടെ, ആരെ സ്ഥാനാ൪ഥിയാക്കണമെന്ന കാര്യത്തിൽ വ്യക്തതയുമില്ല. എൻ.ഡി.എ സ്ഥാനാ൪ഥിയെ നി൪ത്തിയില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് മുൻമന്ത്രി ജത്മലാനിയുടെ ഭീഷണിയുംകൂടി ചേരുമ്പോൾ തീരുമാനമെടുക്കാനാവാതെ വലയുകയാണ് പ്രതിപക്ഷം. രാഷ്ട്രപതി  തെരഞ്ഞെടുപ്പിലെ പ്രതിസന്ധി കോൺഗ്രസ് തന്ത്രപരമായി മറികടന്നപ്പോൾ എൻ.ഡി.എ അപ്രതീക്ഷിതമായി വെട്ടിലായി. അതേസമയം, എൻ.ഡി.എയിലെ പ്രതിസന്ധി പി.എ സാങ്മക്ക് പുതിയ പ്രതീക്ഷയായി മാറി.  വിഷമഘട്ടം മറികടക്കാൻ എൻ.ഡി.എ സാങ്മക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും.
 സാങ്മക്ക് പിന്തുണ നൽകുകയാണെങ്കിൽ 2014ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൻ.ഡി.എ വിപുലപ്പെടുത്തുകയെന്നതാണ് അതിന്റെ ലക്ഷ്യം.  ആദിവാസി രാഷ്ട്രപതിയെന്ന വാദവുമായി സ്ഥാനാ൪ഥിത്വം സ്വയം പ്രഖ്യാപിച്ച് മുന്നോട്ടുവന്ന സാങ്മക്കൊപ്പം എ.ഐ.എ.ഡി.എം.കെയും ബിജു ജനതാദളും മാത്രമാണുള്ളത്. സാങ്മക്ക് പിന്തുണ നൽകിയാൽ ജയലളിതയെയും ബിജു പട്നായികിനെയും എൻ.ഡി.എയിലേക്ക് അടുപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. യു.പി.എയുമായി പിണങ്ങിനിൽക്കുന്ന തൃണമൂൽ കോൺഗ്രസ് നി൪ദേശിക്കുന്നത്  മുൻരാഷ്ട്രപതി അബ്ദുൽ കലാമിനെയാണ്. കലാമിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്. എന്നാൽ,  വിജയം ഉറപ്പില്ലാത്ത സാഹചര്യത്തിൽ  പ്രണബിനെതിരെ മത്സരിക്കാൻ കലാം തയാറാവില്ല. അപ്പോൾ എൻ.ഡി.എയുടെ നറുക്ക് തനിക്ക്  വീഴുമെന്ന പ്രതീക്ഷയാണ് സാങ്മക്കുള്ളത്.  ഇതേതുട൪ന്ന് കൂടുതൽ സജീവമായ സാങ്മ മമത ബാന൪ജിയെ ഫോണിൽ വിളിച്ച് കലാം മത്സരത്തിലില്ലാത്ത സാഹചര്യത്തിൽ തന്നെ പിന്തുണക്കണമെന്ന് അഭ്യ൪ഥിച്ചു. എന്നാൽ, മമത ഉറപ്പൊന്നും നൽകിയില്ല. ഭിന്നത പരിഹരിക്കാൻ അദ്വാനിയെയാണ് എൻ.ഡി.എ ചുമതലപ്പെടുത്തിയിരിക്കുന്നത്. എൻ.ഡി.എ മുഖ്യമന്ത്രിമാരുമായും ജയലളിത, ബിജു പട്നായിക് എന്നിവരുമായും അദ്വാനി ച൪ച്ച നടത്തുമെന്നാണ് വിവരം. തൃണമൂലിന്റെ പിന്തുണക്ക് കാര്യമായി  ശ്രമിക്കാൻ  അദ്വാനി  സാങ്മക്ക് നി൪ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോ൪ട്ടുണ്ട്. തൃണമൂൽ പിന്തുണക്കുകയാണെങ്കിൽ എൻ.ഡി.എ അഭിപ്രായ ഭിന്നത പറഞ്ഞുതീ൪ത്ത്  സാങ്മയെ പിന്തുണക്കാമെന്നാണ് ബി.ജെ.പി കണക്കൂകൂട്ടൽ.  സാങ്മയുടെ പാ൪ട്ടി എൻ.സി.പിയുടെ പിന്തുണ പ്രണബ് മുഖ൪ജിക്കാണ്. രാഷ്ട്രപതി മോഹം വേണ്ടെന്നും മത്സരിച്ചാൽ നടപടിയുണ്ടാകുമെന്നും സാങ്മക്ക് എൻ.സി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എന്തു സംഭവിച്ചാലും മത്സരിക്കുമെന്ന് സാങ്മ ഞായറാഴ്ചയും ആവ൪ത്തിച്ചു.
 എൻ.ഡി.എ യോഗത്തിൽ  യു.പി.എ സ്ഥാനാ൪ഥി പ്രണബ് മുഖ൪ജിയെ പിന്തുണക്കണമെന്ന് ജനതാദൾ-യു നേതാവ് ശിവാനന്ദ് തിവാരി  ശക്തമായി വാദിച്ചു. എന്നാൽ, ജയിച്ചാലും ഇല്ലെങ്കിലും  പ്രതിപക്ഷമെന്ന നിലക്ക് മത്സരം വേണമെന്നാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, എൽ.കെ അദ്വാനി എന്നിവ൪ അഭിപ്രായപ്പെട്ടത്. ശിരോമണി അകാലിദൾ ജനതാദൾ-യുവിനോട് യോജിച്ചു. ശിവസേന എൻ.ഡി.എ യോഗത്തിൽ പങ്കെടുത്തതുമില്ല. ഈ സാഹചര്യത്തിൽ തീരുമാനം പിന്നീടാകാമെന്ന ധാരണയിൽ അടുത്ത യോഗത്തിന്റെ തീയതിപോലും നിശ്ചയിക്കാതെ  യോഗം പിരിയുകയായിരുന്നു. എല്ലാ നേതാക്കളും അവരുടെ അഭിപ്രായം പറഞ്ഞുവെന്നും ശരിയായ തീരുമാനത്തിലേക്ക് എത്തുന്നതിന് കൂടുതൽ ച൪ച്ചകൾക്കായി തീരുമാനം നീട്ടിവെച്ചിരിക്കുകയാണെന്നും എൻ.ഡി.എ കൺവീന൪ ശരദ് യാദവ് യോഗത്തിന് ശേഷം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.