കൊടി സുനിക്ക് ഒളിത്താവളമൊരുക്കിയ സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

മട്ടന്നൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിക്കും കൂട്ടാളികൾക്കുമൊപ്പം പെരിങ്ങാനം മലമുകളിലെ ഒളിത്താവളത്തിൽ നിന്ന് പിടിയിലായ രണ്ട് സി.പി.എം പ്രവ൪ത്തകരെ മട്ടന്നൂ൪ കോടതി റിമാൻഡ് ചെയ്തു. ഇവ൪ക്ക് ഒളിത്താവളമൊരുക്കുന്നതുൾപ്പെടെയുള്ള സഹായം ചെയ്ത ഇരിട്ടിക്കടുത്ത മുഴക്കുന്ന് സ്വദേശികളായ കെ. ശ്രീജിത്ത് (29), നടുക്കണ്ടി സുധീഷ് (28) എന്നിവരെയാണ് വെള്ളിയാഴ്ച മട്ടന്നൂ൪ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുഴക്കുന്ന് മുടക്കോഴിയിലെ പെരിങ്ങാനം മലയിൽ നടത്തിയ പരിശോധനയിൽ കൊലയാളി സംഘത്തിലെ കൊടി സുനി, കി൪മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവ൪ പിടിയിലാകുമ്പോൾ ശ്രീജിത്തും സുധീഷും ഇവ൪ക്കൊപ്പം ഒളിത്താവളത്തിലുണ്ടായിരുന്നു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായ ഇവരെ പിന്നീട് ഇരിട്ടി പൊലീസിന് കൈമാറുകയായിരുന്നു.
ഒളിത്താവളത്തിൽ സുനിക്കും കൂട്ട൪ക്കും തോക്കും കഠാരയും എത്തിച്ചുകൊടുത്തുവെന്ന കുറ്റംചുമത്തിയാണ് പൊലീസിന് കൈമാറിയത്. കൊലയാളി സംഘത്തിൽ നിന്ന് ആറു തിര നിറക്കാവുന്ന തോക്കും കഠാരയും പിടിച്ചെടുത്തിരുന്നു.
ഇരിട്ടി എസ്.ഐ കെ.ജെ. വിനോയ് ഇവ൪ക്കെതിരെ ആയുധനിയമ പ്രകാരം കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ, ഇവ൪ക്ക് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
കസ്റ്റഡിയിൽ വാങ്ങി  ചോദ്യം ചെയ്താൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.