അരീക്കോട്: കുനിയിൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.അക്രമത്തിന്റെ സൂത്രധാരനും ജനുവരിയിൽ കൊല്ലപ്പെട്ട അത്തീഖുറഹ്മാന്റെ അനുജനുമായ മുഖ്താ൪ ഖത്തറിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. മുഖ്താറിനെ രക്ഷപ്പെടാൻ സഹായിച്ച ഇയാളുടെ ഭാര്യാ സഹോദരൻ ഉഗ്രപുരം പെരുമ്പറമ്പ് റിയാസ് (30), എടവണ്ണ പുള്ളിപ്പാടം കാരാച്ചാൽ വയലിലകത്ത് ഫിറോസ് ഖാൻ (30) എന്നിവരാണ് അറസ്റ്റിലായത്.
അക്രമം നടത്തിയ ശേഷം പുള്ളിപ്പാടത്തെത്തിയ സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചത് ഫിറോസ്ഖാനാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടേതാണ് നേരത്തെ കസ്റ്റഡിയിലെടുത്ത പിക്ക്അപ്പ് വാനും ബൈക്കും. പിക്ക്അപ്പ് വാനിലാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ബൈക്കിൽ ഫിറോസ് അകമ്പടി പോയി.
ഞായറാഴ്ച അക്രമത്തിനുശേഷം ഭാര്യാസഹോദരൻ റിയാസിന്റെ വീട്ടിൽ വന്ന മുഖ്താ൪ തിങ്കളാഴ്ച വൈകീട്ടാണ് വിദേശത്തേക്ക് കടന്നത്. ഖത്തറിലേക്ക് കടക്കാൻ മുഖ്താറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത് റിയാസാണെന്ന് പൊലീസ് പറഞ്ഞു. ദോഹയിൽനിന്ന് മുഖ്താ൪ വിളിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
അതേസമയം, അബൂബക്കറിനെ വെട്ടിവീഴ്ത്തി കടന്നുകളഞ്ഞ കാറിൽ സഞ്ചരിച്ച അക്രമികൾ പൊലീസ് വലയിലായതായി സൂചന ലഭിച്ചു. ബുധനാഴ്ച വൈകീട്ടാണ് കേസിലെ സുപ്രധാന കണ്ണികളായ രണ്ടുപേ൪ കസ്റ്റഡിയിലായത്. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. അക്രമിസംഘത്തിൽ ഉൾപ്പെട്ട മറ്റുനാലുപേ൪ പൊലീസ് നിരീക്ഷണത്തിലാണ്. കൊല നടത്തിയ രീതിയും ഇവരുടെ മുൻകാല ബന്ധങ്ങളും വെച്ച് പ്രതികളിൽ ചില൪ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.
മുഖ്താറിന്റെ ജ്യേഷ്ഠൻ ഷറഫുദ്ദീൻ, അക്രമികളെ പുള്ളിപ്പാടത്തുനിന്ന് രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവ൪ സുധീഷ് എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കുനിയിലിലെ കൊല്ലപ്പെട്ട അത്തീഖ്റഹ്മാന്റെ അയൽവാസിയും കസ്റ്റഡിയിലുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് പൊലീസിന്റെ തൃശൂ൪ റീജനൽ ഫോറൻസിക് ആൻഡ് ലബോറട്ടറി അസി. ഡയറക്ട൪ അന്നമ്മ ജോൺ പിക്കപ്പ് വാൻ പരിശോധിച്ചു. പിക്കപ്പ് വാനിന്റെ വിവിധ ഭാഗങ്ങളിൽ കണ്ട ചോരക്കറ രാസപരിശോധനക്കായി ശേഖരിച്ചു.
കസ്റ്റഡിയിലുള്ള പ്രതികളെ ഐ.ജി നേരിട്ട് ചോദ്യം ചെയ്തു. അത്തീഖുറഹ്മാന്റെ കൊലക്ക് പ്രതികാരമായി അനുജൻ മുഖ്താറിന്റെ നേതൃത്വത്തിൽ നടന്നതാണ് അക്രമമെന്ന് പൊലീസ് സ്ഥീരീകരിച്ചു.
കാറിലും സുമോ വാനിലും ഒരേ സമയം അക്രമം ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാൽ, അക്രമികൾ സഞ്ചരിച്ച കാ൪ പൊലിസിന് കണ്ടെത്താനായില്ല. മുഖ്താറിനുവേണ്ടി പൊലീസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജൂൺ 11ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്ക് അക്രമം നടന്ന് ഒരു ദിവസത്തിനുശേഷം വിദേശത്തേക്കു കടക്കാൻ കഴിഞ്ഞത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.