ബംഗളൂരു: കോഴവാങ്ങി ഖനന കമ്പനിക്ക് ഭൂമി നൽകിയതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും മുതി൪ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ മുൻ കൂ൪ ജാമ്യാപേക്ഷ സി.ബി.ഐ പ്രത്യേക കോടതി തള്ളി. കേസിൽ പ്രതികളായ യെദിയൂരപ്പയുടെ മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകൻ സോഹൻലാൽ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ഷിമോഗയിൽനിന്നുള്ള പാ൪ലമെന്റ് അംഗംകൂടിയാണ് രാഘവേന്ദ്ര. സി.ബി.ഐയുടെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുടെ ദിവസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് പ്രത്യേക കോടതി ജഡ്ജി വെങ്കട് സുദ൪ശൻ ജാമ്യം തള്ളിയത്. കോടതി വിധി വന്നതോടെ യെദിയൂരപ്പയെയും മക്കളെയും ഏതു നിമിഷവും സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും. അതേസമയം, മുൻകൂ൪ ജാമ്യം തേടി യെദിയൂരപ്പ ക൪ണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത വ൪ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ മുഖ്യമന്ത്രിക്കെതിരായ കോടതിവിധി ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
അതിനിടെ, ഖനന അഴിമതി കേസിൽ ക൪ണാടക മുൻ മന്ത്രി ജി. ജനാ൪ദന റെഡ്ഡിക്ക് സി.ബി.ഐ പ്രത്യേക കോടതി അനുവദിച്ച ജാമ്യം ആന്ധ്രപ്രദേശ് ഹൈകോടതി റദ്ദാക്കി. റെഡ്ഡിക്ക് ജാമ്യം നൽകാൻ സി.ബി.ഐ ഒന്നാം അഡീഷനൽ ജഡ്ജി ടി. പട്ടാഭിരാമ റാവു കൈക്കൂലി വാങ്ങിയതായി സി. ബി.ഐ അന്വേഷണസംഘം കോടതി മുമ്പാകെ അറിയിച്ചതിനെ തുട൪ന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.