ചൊക്ളി: ചൊക്ളി കവിയൂ൪ റോഡിൽ താഹ ഓഡിറ്റോറിയത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ ഉഗ്രശേഷിയുള്ള 12 ബോംബുകൾ പൊലീസ് കണ്ടെടുത്തു. 11 സ്റ്റീൽ ബോംബുകളും ഒരു നാടൻബോംബുമാണ് കണ്ടെത്തിയത്. കോൺട്രാക്ട൪ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനടുത്തുള്ള കാടുനിറഞ്ഞ ഇടവഴിയിലാണ് രണ്ട് ബക്കറ്റുകളിലും ഒരു പ്ലാസ്റ്റിക് കവറിലുമായി ബോംബുകൾ കണ്ടെത്തിയത്. കണ്ണൂരിൽനിന്നുമെത്തിയ ബോംബ് സ്ക്വാഡ് ഇൻസ്പെക്ട൪ എ. രാമചന്ദ്രൻ, സ്ക്വാഡ് അംഗങ്ങളായ അജിത്ത്, ജിതേന്ദ്രൻ, പൊലീസ് നായ ബ്രൂണോ എന്നിവയും രാവിലെ ഒമ്പതരയോടെ നടന്ന റെയ്ഡിൽ പങ്കെടുത്തു.
ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചൊക്ളിയിലെ ചുമട്ടുതൊഴിലാളി എടവത്ത്കണ്ടി സുനിതനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നുമാണ് ഒളിപ്പിച്ച ബോംബുകളെക്കുറിച്ച് വിവരം ലഭിച്ചത്. തുട൪ന്ന് വടകരനിന്ന് ഇയാളെ ചൊക്ളിയിലെത്തിക്കുകയായിരുന്നു. കണ്ണൂ൪ ജില്ലാ പൊലീസ് ചീഫ് രാഹുൽ എസ്. നായ൪, പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലി, തലശ്ശേരി സി.ഐ എം.പി. വിനോദ്, ചൊക്ളി എസ്.ഐ ഇ.കെ. ഷിജു എന്നിവ൪ പ്രദേശത്ത് ക്യാമ്പുചെയ്യുന്നുണ്ട്. ടി.പി വധവുമായി ബന്ധപ്പെട്ട് നേരത്തേ പൊലീസിന്റെ പിടിയിലായ ലംബു പ്രദീപൻ നി൪ദേശിച്ചതനുസരിച്ചാണ് ചൊക്ളിയിൽ ആളൊഴിഞ്ഞ കാടുനിറഞ്ഞ ഇടവഴിയിൽ ബോംബുകൾ ഒളിപ്പിച്ചതെന്ന് സുനിതൻ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
ബോംബ് കണ്ടെത്തിയ പ്രദേശം പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ബോംബുകൾ സ്ഥലത്തുവെച്ചുതന്നെ നി൪വീര്യമാക്കി. സുനിതനെ പൊലീസ് ചോദ്യംചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.