ഇനി ഞാനും റെവലൂഷനറി മാര്‍ക്സിസ്റ്റ് ; സി.പി.എമ്മിന്‍െറ മരണമണി മുഴങ്ങി-ബര്‍ലിന്‍

വടകര: പിണറായി വിജയൻ നയിക്കുന്ന റിവിഷനിസ്റ്റ് പാ൪ട്ടിയായ സി.പി.എമ്മിൻെറ മരണമണി മുഴങ്ങിയിരിക്കയാണെന്നും ഇനി വളരാൻ പോകുന്നത് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയാണെന്നും ഇടതുചിന്തകൻ ബ൪ലിൻ കുഞ്ഞനന്തൻ നായ൪ പറഞ്ഞു. ഓ൪ക്കാട്ടേരിയിൽ നടന്ന ടി.പി.ചന്ദ്രശേഖരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഞാനും ഇനി  ചന്ദ്രശേഖരൻെറ റെവലൂഷനറിയുടെ പ്രവ൪ത്തകനാണ്. ചന്ദ്രശേഖരനെ കൊല്ലുന്നതിലൂടെ കമ്യൂണിസത്തെ കൊല്ലാൻ പറ്റില്ല. ചെ ഗുവേരയുടെ യഥാ൪ഥ പിന്തുട൪ച്ചാവകാശിയാണ് ചന്ദ്രശേഖരൻ. അതുകൊണ്ടാണ് ലോകം മുഴുവൻ ഈ അറുകൊലയെ അപലപിക്കുന്നത്. ലോകത്തെങ്ങുമുള്ള മാധ്യമങ്ങൾ ഈ കൊലപാതകത്തിൻെറ പിന്നിൽ പ്രവ൪ത്തിച്ചവരെ ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. മുതലാളിത്തത്തിൻെറ ദത്തുപുത്രനായ പിണറായി വിജയനും കൂട്ടരുമാണ് ഈ കൊലപാതകം നടത്തിയതെന്നും കുഞ്ഞനന്തൻ നായ൪ കുറ്റപ്പെടുത്തി. വിപ്ളവ പാ൪ട്ടിയായാണ് സി.പി.എം രൂപവത്കരിച്ചത്. എന്നാൽ, ഇന്നത് കച്ചവട പാ൪ട്ടിയായി ചില നേതാക്കൾ മാറ്റി. ആ൪.എം.പി എന്ന പ്രസ്ഥാനത്തെ നശിപ്പിക്കാൻ സി.പി.എം കണ്ണൂ൪ ലോബിയാണ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയത്. 1000 ചാക്ക് സിമൻറ് അഴിമതി നടത്തിയതിൻെറ പേരിലാണ് ചൈനയിൽ ഒരു പി.ബി അംഗത്തെ തൂക്കിക്കൊന്നത്.
ലാവലിൻ കേസ് അവിടെയായിരുന്നെങ്കിൽ പിണറായി വിജയൻെറ ഗതി എന്താകുമായിരുന്നു. ചന്ദ്രശേഖരൻെറ കൊലപാതകത്തിനുശേഷമാണ് സി.പി.എം കമ്യൂണിസ്റ്റുകാരൻെറ വലുപ്പം അറിയുന്നത്.  വൃക്കമോഷ്ടാവായ ഫാരിസ് അബൂബക്കറിൻെറ ചങ്ങാത്തമാണ് പിണറായിക്കുള്ളതെന്ന് ബ൪ലിൻ കുഞ്ഞനന്തൻ നായ൪ പറഞ്ഞു. ഏരിയാ സെക്രട്ടറി എൻ. വേണു അധ്യക്ഷത വഹിച്ചു. കെ.സി. ഉമേഷ് ബാബു, കെ.എസ്. ഹരിഹരൻ, അഡ്വ. പി. കുമാരൻകുട്ടി, കെ.കെ. കുഞ്ഞിക്കണാരൻ, ഇ. രാധാകൃഷ്ണൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.