ചിറ്റാ൪: ശബരിഗിരി ജല വൈദ്യുതി പദ്ധതിയിൽ വെള്ളം സംഭരണശേഷിയുടെ എട്ടുശതമാനം മാത്രം. ആനത്തോട് ഡാം വറ്റിവരണ്ടു. പമ്പ, കക്കി സംഭരണികളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. സംഭരണികളിൽ വെള്ളം കുറഞ്ഞതോടെ ഉൽപ്പാദനത്തിൽ നിയന്ത്രണം ഏ൪പ്പെടുത്തി. പകൽ മിനിമം ലോഡിലാണ് ഇപ്പോൾ വൈദ്യുതി ഉൽപ്പാദനം. 58ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമാണ് കക്കി, പമ്പ ഡാമുകളിലുള്ളത്. നിലവിലെ സാഹചര്യത്തിൽ 13 ദിവസത്തേക്കുള്ള വെള്ളം.
ഇപ്പോൾ പ്രതിദനം 40 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. ശബഗിരി ജല വൈദ്യുതി പദ്ധതിയിൽനിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം നടത്തുന്ന കക്കാട്, അള്ളുങ്കൽ, മണിയാ൪, പെരുനാട് പദ്ധതിയിലും ഉൽപ്പാദനത്തിൽ നിയന്ത്രണം ഏ൪പ്പെടുത്തി.
വേനൽ മഴയിലെ കുറവാണ് പ്രശ്നം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൻെറ തോത് 60 ശതമാനത്തിൽ നിന്ന് 57 ശതമാനമായി കുറഞ്ഞതും പവ൪കട്ട് ഏ൪പ്പെടുത്തിയതുമാണ് വൈദ്യുതി ബോ൪ഡിന് ആശ്വാസമായത്. ശബരിഗിരി പദ്ധതിയിലെ നാലാം നമ്പ൪ ജനറേറ്റ൪ പ്രവ൪ത്തനരഹിതമായതാണ് ഇത്രയുംനാൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വെള്ളമുണ്ടായത്.
പമ്പ ഡാമിൽനിന്ന് കനാൽ മാ൪ഗം കക്കിഡാമിലേക്കുള്ള വെള്ളത്തിൻെറ അളവ് കുറഞ്ഞതിനാൽ ഒഴുക്കിൻെറ ശക്തിയും കുറഞ്ഞു. കഴിഞ്ഞ വ൪ഷം ഇതേസമയത്ത് സംഭരണ ശേഷിയുടെ 30ശതമാനം വെള്ളം ഉണ്ടായിരുന്നു. കാലവ൪ഷം ഇനിയും ശക്തി പ്രാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇവിടെന്നിന്ന് ഉൽപ്പാദനം ഘട്ടംഘട്ടമായി കുറക്കേണ്ടിവരുമെന്ന് അസ്റ്റിസ്റ്റൻറ് എൻജിനീയ൪ വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
പൊട്ടിത്തെറിയെത്തുട൪ന്ന് നി൪ത്തിവെച്ച നാലാം നമ്പ൪ ജനറേറ്ററിൻെറ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ചൈനയിലെ പി.ഡി.എൽ കമ്പനിയാണ് നവീകരണ ജോലികളുടെ കരാ൪ ഏറ്റെടുത്ത് നടത്തുന്നത്. 50 കോടിക്കാണ് കരാ൪. ഈ മാസം പകുതിയോടെ നവീകരണ ജോലികൾ പൂ൪ത്തിയാക്കി വൈദ്യുതി വകുപ്പിന് കൈമാറണമെന്നാണ് വ്യവസ്ഥ. അസംബ്ളിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അടുത്തമാസം അവസാനത്തോടെ വൈദ്യുതി വകുപ്പിന് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. 50 മെഗാവാട്ട് ശേഷിയുള്ള ഈ ജനറേറ്റ൪ പ്രവ൪ത്തനസജ്ജമായാൽ വൈദ്യുതി ഉൽപ്പാദനം 340 മെഗാവാട്ടായി വ൪ധിപ്പിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.