കോന്നി: കോന്നി ടൗണിലും സമീപ പ്രദേശങ്ങളിലും പാറപൊട്ടിക്കാനുള്ള ക്രഷ൪ ലോബികളുടെ നീക്കത്തിനെതിരെ നാട്ടുകാ൪ രംഗത്ത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇക്കോ ടൂറിസം പദ്ധതിക്ക് കോട്ടം വരുത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രവ൪ത്തനങ്ങൾ. കോന്നി ആനത്താവളത്തിന് സമീപമാണ് പാറപൊട്ടിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരിക്കെയാണ് കോൺട്രാക്ട൪മാ൪. പഞ്ചായത്ത് കമ്മിറ്റി അന്വേഷണത്തിന് സബ്കമ്മിറ്റിയെ വെക്കുകയും ചെയ്തു. സബ്കമ്മിറ്റിയുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ മാത്രമേ എൻ.ഒ.സി പഞ്ചായത്ത് നൽകുകയുള്ളു. എന്നാൽ, ഇതിനെതിരെ ജനങ്ങൾ പഞ്ചായത്തിലും കോന്നി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ആനത്താവളത്തിന് സമീപത്തു കൂടിയുള്ള വൈരശേരിൽ റോഡിൻെറ അവസാന ഭാഗത്താണ് പാറമട സ്ഥിതി ചെയ്യുന്നത്. തീരെ വീതി കുറഞ്ഞ റോഡാണിത്. ഇവിടെ പാറമടയിലേക്ക് വാഹനങ്ങൾ വന്നുപോയാൽ റോഡിന് താഴ്വശത്തുള്ളവരുടെ വീടിനുതന്നെ അപകടകരമാണ്. ഉഗ്രസ്ഫോടന ശബ്ദം ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവ൪ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
മറ്റ് ക്വാറികളിൽ നിന്നും കരിങ്കല്ല് കൊണ്ടുവന്ന് പാറമണൽ ഉണ്ടാക്കാനാണ് ലക്ഷ്യമെന്ന് നാട്ടുകാരെ ധരിപ്പിച്ചാണ് പ്രവ൪ത്തനങ്ങൾക്ക് തുടക്കമിടുന്നത്. ചില കോൺട്രാക്ട൪മാ൪ ഇവിടെ പാറപൊട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാട്ടുകാരെ ധരിപ്പിച്ചിരുന്നു. എം-സാൻഡ് എന്ന പേരിൽ പ്രവ൪ത്തനം ആരംഭിച്ച് പിന്നീട് വൻ ക്രഷ൪ യൂനിറ്റ് തുടങ്ങാനുള്ള നീക്കമാണിതെന്ന് നാട്ടുകാ൪ പറയുന്നു. ഇതുപോലെ തുടങ്ങിയ നിരവധി പാറമടകൾ ഇന്ന് വൻ ക്രഷ൪ യൂനിറ്റുകളായി മാറിയിട്ടുണ്ട്.
കോന്നി ടൗണിനോട് ചേ൪ന്ന് പാറപൊട്ടിക്കാനുള്ള നീക്കം തടയണമെന്ന് പരിസ്ഥിതി വാദികളും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.